സാക്രമെന്റോ (കാലിഫോർണിയ): “കംഫർട്ട് സോണിൽ നിന്നും വിജയം വരുന്നില്ല; അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നു”. ഈ ഉദ്ധരണിയിൽ മനസ്സുറപ്പിച്ച് കർമ്മത്തിൽ ശ്രദ്ധയൂന്നി വിജയത്തിന്റെ പടികൾ ചവുട്ടി കയറി മുന്നേറുന്ന ഒരു സ്ഥിരോത്സാഹിയാണ് സിജിൽ പാലക്കലോടി. കഴിഞ്ഞ 14 വർഷമായി കാലിഫോർണിയായുടെ കാപ്പിറ്റൽ സിറ്റിയായ സാക്രമെന്റോയിൽ സ്ഥിരതാമസമാക്കിയ സിജിലിനെ അറിയാത്ത മലയാളികൾ ആ സിറ്റിയിൽ തുലോം വിരളമാണ്. സാക്രമെന്റോ റീജിയണൽ മലയാളീ അസ്സോസ്സിയേഷൻ സെക്രട്ടറി, പ്രസിഡൻറ്, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വിജയപ്രദമായി പൂർത്തീകരിച്ച് ട്രസ്റ്റീ ബോർഡ് അംഗമായി തുടരുന്ന സിജിൽ “മലയാളി മനസ്സ്” എന്ന മലയാളം വാരികയുടെ പത്രാധിപർ ആയിരുന്നു.
കാലിഫോർണിയയ്ക്കു താമസം മാറുന്നതിനു മുമ്പായി സൗത്ത് ഫ്ലോറിഡയിലെ ഏതാനും വർഷത്തെ ജീവിതത്തിനിടയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്റർ സ്ഥാപക പ്രസിഡൻറ്, നാഷണൽ ജോയിന്റ് ട്രഷറർ, സൗത്ത് ഫ്ലോറിഡ നവകേരള അസ്സോസ്സിയേഷൻ ജോയിന്റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ ജ്വരം സിരകളിലൂടെ പായുന്നതിനാൽ വിവിധ സംഘടനകളെ നയിക്കുന്നതിനുള്ള പാടവം തന്റെ കർമ്മങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജിൽ. സീറോ മലബാർ കാത്തലിക് കോൺഗ്രസ്സ് നാഷണൽ പ്രസിഡൻറ്, ഇന്ത്യൻ അസ്സോസ്സിയേഷൻ ഓഫ് സാക്രമെന്റോ ട്രഷറർ, സീറോ മലബാർ ചിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പർ തുടങ്ങി നിരവധി സംഘടനകളിൽ വിവിധ ഔദ്യോഗിക സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തൻറെ സംഘടനാ നേതൃത്വ പാടവവും കർമ്മ നിരതയും നന്നായി അറിയാവുന്ന സാക്രമെന്റോ റീജിയണൽ അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് (SARGAM-സർഗം) അംഗങ്ങളാണ് സിജിലിനെ ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്ത് എൻഡോഴ്സ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മലയാളി അസ്സോസ്സിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയും സിജിലിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. ഇത്രയും പ്രവർത്തന പരിചയവും അർപ്പണബോധവുമുള്ള അദ്ദേഹം ഫോമയുടെ പുരോഗതിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
ഫോമായുടെ പ്രാരംഭ കാലം മുതൽ സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന സിജിൽ ഫോമാ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മറ്റി മെമ്പറായും കാൻകൂൺ കൺവെൻഷൻ വെസ്റ്റേൺ റീജിയൺ കോഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. കാലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ഫിനാൻസ് ഓഫീസറായും
ഓഡിറ്ററായും പ്രവർത്തിപരിചയമുള്ള സൗമ്യനായ സിജിൽ ഫിനാൻസിൽ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ഔദ്യോഗിക ജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും സംഘടനാ പ്രവർത്തനത്തിലായാലും സദാ കർമ്മനിരതനും സ്ഥിരോത്സാഹിയും കഠിനാദ്ധ്വാനിയുമാണ് സിജിൽ.
“ഫോമാ ഫാമിലി ടീം” സ്ഥാനാർഥികളായ ജെയിംസ് ഇല്ലിക്കൽ (പ്രസിഡൻറ്), വിനോദ് കൊണ്ടൂർ (ജനറൽ സെക്രട്ടറി), ജോഫ്‌റിൻ ജോസ് (ട്രഷറർ), ബിജു ചാക്കോ (ജോയിന്റ് സെക്രട്ടറി), ബബ്ലൂ ചാക്കോ (ജോയിന്റ് ട്രഷറർ) എന്നിവരോടൊത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സിജിൽ എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും ആവശ്യപ്പെടുന്ന ഒരു കാര്യമേയുള്ളു:
“നിങ്ങളുടെ ഒരു വിലയേറിയ വോട്ടല്ലാതെ മറ്റൊന്നും ഞാൻ നിങ്ങളോടു ആവശ്യപ്പെടുന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്നതിലും അപ്പുറം എന്റെ കഴിവും സമയവും അദ്ധ്വാനവും ഫോമായുടെ പുരോഗതിക്കായി സമർപ്പിക്കുന്നതിന് എനിക്ക് അതിയായ സന്തോഷമേയുള്ളൂ. സമീപ ഭാവിയിൽ ഫോമായുടെ ഒരു ഔദ്യോഗിക സ്ഥാനത്തേക്കും ഞാൻ മത്സരിക്കുന്നതല്ല. ഞങ്ങളുടെ “ഫാമിലി ടീം” സ്ഥാനാർഥികളെ മുഴുവൻ ഒറ്റകെട്ടായി വിജയിപ്പിച്ച് ഫോമായിൽ ഒരു കുടുംബ അന്തരീക്ഷം വികസിപ്പിച്ചെടുക്കാൻ നിങ്ങൾ എല്ലാവരും സഹായിക്കണം.” സിജിൽ എല്ലാ ഫോമാ പ്രതിനിധികളോടുമായി അഭ്യർത്ഥിക്കുന്നു.