ട്രാൻസ്ജൻഡർ വിഭാഗത്തിന് മഴവില്‍ അക്കൗണ്ടുമായി ഇസാഫ് ബാങ്ക്

Spread the love

കൊച്ചി: ട്രാൻസ്ജൻഡർ വിഭാഗക്കാര്‍ക്കു മാത്രമായി റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ചു. മാര്‍ത്തോമ സഭയുടെ നവോദയ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് പദ്ധതിയുടെ ഉദ്‌ഘാടനം നടന്നത്. നവോദയ മൂവ്‌മെന്റ് പ്രസിഡന്റ് ബിഷപ്പ് തോമസ് മാർ തീത്തോസും ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസും ചേർന്ന് റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയുടെ ലഘുലേഖ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ് രഞ്ജു രഞ്ജിമാർ ഏറ്റുവാങ്ങി.

സമൂഹത്തില്‍ തുല്യതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്നും ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ ഇനിയും ലഭ്യമല്ലാത്ത ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കാല്‍നൂറ്റാണ്ടായി ഇസാഫ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ബാങ്കായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ സാമ്പത്തിക സേവനങ്ങള്‍ സാര്‍വത്രികമാക്കി താഴെതട്ടിലുള്ളവരുടെ ജീവനോപാധികളും സാമ്പത്തിക വികസനവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇസാഫ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ സമ്പാദ്യശീലം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട് എന്ന് നവോദയ മൂവ്‌മെന്റ് പ്രൊജക്ട് ഡയറക്ടര്‍ ഫാദര്‍ മാത്യു ഫിലിപ്പ് നിലമ്പൂര്‍ പറഞ്ഞു. ഭിന്നലിംഗ സൗഹൃദ തൊഴിലിട സംസ്‌കാരം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി ഭിന്നലിംഗക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

മികച്ച പലിശ നിരക്കും ഡെബിറ്റ് കാര്‍ഡ് സേവനങ്ങളും ലഭിക്കുന്ന പദ്ധതിയാണ് റെയിന്‍ബോ സേവിങ്‌സ് അക്കൗണ്ട്. പലിശ മാസംതോറും അക്കൗണ്ടിലെത്തുമെന്നതും ഈ അക്കൗണ്ടിന്റെ സവിശേഷതയാണ്. എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാർ, ഇസാഫ് കോഓപറേറ്റീവ് സൊസൈറ്റി സിഇഒ ക്രിസ്തുദാസ് കെ വി, സോഷ്യൽ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസു എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Report : Sneha Sudarsan

Author