മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിയ്ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. എന്നാല്‍ അമ്മയുടെ മാതാപിതാക്കള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്.

മലയാളിയായ ഭാര്യയെ കൊന്ന ശേഷം അതിഥിതൊഴിലാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെയാണ് കുട്ടികള്‍ അനാഥമായത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് അനാഥരായത്. 14 വര്‍ഷം മുമ്പാണ് മാതാപിതാക്കളായ ഇവര്‍ തൊഴിലിടങ്ങളില്‍ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് കുട്ടികള്‍ അനാഥമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.

മന്ത്രി വീണാ ജോര്‍ജ് കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.

Author