നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സംയോജിത ചെക്ക് പോസ്റ്റ് കെട്ടിടമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിനോട് ചേര്‍ന്നാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംയോജിത ചെക്ക് പോസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നബാര്‍ഡിന് കീഴില്‍ ആര്.ഐ.ഡി.എഫ്. പദ്ധതിയില്‍ (ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്) ഉള്‍പ്പെടുത്തി 76.33 ലക്ഷം ചെലവഴിച്ച് രണ്ട് നിലകളിലായി 2124 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രവും തോട്ടം മേഖലയും വനമേഖലയുമുള്ള പ്രദേശമായതിനാല്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, വനം – വന്യജീവി സംരക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. ഓഫീസ് മുറികള്‍, വിനോദസഞ്ചാരികള്‍ക്കായുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വനശ്രീ ഇക്കോ ഷോപ്പ്, സി.സി.ടി.വി., വിദൂര നിയന്ത്രിത ക്രോസ് ബാര്‍, സേനാംഗങ്ങള്‍ക്ക് ആവശ്യമായ വിശ്രമമുറികള്‍, സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള വാഹന പരിശോധന കേന്ദ്രവും നെല്ലിയാമ്പതി കാണാന്‍ എത്തുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും വന വിഭവങ്ങള്‍ വില്‍പ്പന നടത്തുന്ന ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.