ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിര്‍ത്തികളില്‍ റെയിഡ് നടത്തും

Spread the love

സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗ് ശക്തമാക്കും

ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും.ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍

ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും. ഒക്ടോബര്‍ 28ന് എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തും. സെലിബ്രിറ്റികള്‍, പ്രമുഖ വ്യക്തികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അണിചേരുന്ന കൂട്ടയോട്ടം പോലെയുള്ളവ സംഘടിപ്പിക്കും.
നവംബര്‍ 1 ന് വൈകിട്ട് 3 മണിമുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തും. അതിനെത്തുടര്‍ന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും. വിദ്യാലയങ്ങള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ആ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളില്‍ പരിപാടി നടത്താവുന്നതാണ്. പദ്ധതിയുടെ പ്രചരണത്തിന് 30, 31 തീയതികളില്‍ വിളംബര ജാഥകള്‍ വ്യാപകമായി നടത്തണം.
ജില്ലാ, തദ്ദേശ സ്വയംഭരണ, വാര്‍ഡ്, വിദ്യാലയതല സമിതികള്‍ സജീവമായി രൂപീകരിച്ചുവരുന്നുണ്ട്. സ്‌കൂള്‍തല സമിതികളില്‍ പോലീസ്/എക്‌സൈസ് പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തിയേറ്ററുകളില്‍ ലഹരി വിരുദ്ധ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമുഹമാധ്യമങ്ങള്‍ വഴി ശക്തമായ പ്രചരണം നടത്തും. വിവിധ ഭാഷകളില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.പരിപാടിക്ക് പിന്തുണ തേടി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം സെപ്തംബര്‍ 27നും മാധ്യമ മാനേജ്‌മെന്റ് യോഗം 28നും മത, സാമുദായിക, സാമൂഹ്യ സംഘടനാ പ്രതിനിധിയോഗം 30 നും മുഖ്യമന്ത്രി വിളിച്ചു.

Author