സൗജന്യ ഡയാലിസിസ് സേവനം നല്‍കി ആതുരേസവന മേഖലയില്‍ സാന്ത്വനത്തിന്റെ കൈയൊപ്പ് ചാര്‍ത്തുകയാണ് ജീവനം ഡയാലിസിസ് കേന്ദ്രം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ജീവനം ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 വൃക്കരോഗികള്‍ക്കാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്.എട്ട് ഡയാലിസിസ് മെഷീനും കിടക്കകളുമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുമണി വരെയുമുള്ള രണ്ട് ഷിഫ്റ്റുകളില്‍ 12 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
വൃക്ക മാറ്റി വെക്കലാണ് പരിഹാരമെങ്കിലും അത് വരെ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് ചെയ്തേ മതിയാകൂ. എന്നാല്‍ ചിലവ് കൂടിയ ഡയാലിസിസ് സൗജന്യമായിട്ടോ, കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുക എന്നത് വെല്ലുവിളിയാണ്. വലിയ ചികിത്സാ ചിലവ് കാരണം പലരുടെ ഡയാലിസിസ് പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ മുന്‍കൈയില്‍ ഇങ്ങനെ സാന്ത്വന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.സ്വകാര്യ മേഖലയില്‍ ഒരു ഡയാലിസിസ് ചെയ്യാന്‍ 1500 മുതല്‍ 2000 രൂപവരെ ചെലവ് വരും. മിക്കവാറുമാളുകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വരെ വേണ്ടിവരുന്നുണ്ട്. ഡയാലിസിസിന് പുറമെ കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇവിടെ സൗജന്യമായി ലഭ്യമാണ്.
കാസര്‍കോട് വികസന പാക്കേജ്, മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസനഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ട് എന്നിവ ഉപയോഗിച്ചാണ് ജീവനം ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. 2021 ഒക്ടോബറിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്കിന് കീഴിലെ പള്ളിക്കര, പുല്ലൂര്‍ പെരിയ, ഉദുമ, അജാനൂര്‍, മടിക്കൈ പഞ്ചായത്തുകളില്‍ നിന്നായി 5 ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം 15 ലക്ഷവും ജീവനം പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -2022 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡയാലിസിസ് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ പറഞ്ഞു. 11 ലക്ഷം നിര്‍മ്മാണ ചിലവില്‍ മരുന്നുകള്‍ സൂക്ഷിക്കാനായുള്ള സ്റ്റോറും, രോഗികളുടെ കൂടെ വരുന്ന ആളുകള്‍ക്ക് വിശ്രമിക്കാനുള്ള മുറിയും അടങ്ങിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. നിലവില്‍ രണ്ട് ഷിഫ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുള്ളതുകൊണ്ട് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.