എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെല്‍ത്തി വാക്ക് വേ : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെല്‍ത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഹെല്‍ത്തി വാക്കിനായി പ്രത്യേക സ്ഥലം കണ്ടെത്തും. കേരള ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. ചികിത്സയെക്കാള്‍ പ്രധാനമാണ് ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നത്. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാളയം മഹാത്മാ അയ്യന്‍കാളി ഹാളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും കുറവ് ശിശു മരണമുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാനുള്ള ശ്രമമാണ് ഹൃദ്യം പോലുള്ള പദ്ധതികള്‍ വഴി നടത്തുന്നത്. ജീവിതശൈലീ രോഗങ്ങള്‍ വലിയ വെല്ലുവിളിയാണ്. ജീവിത ശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടപ്പിലാക്കി. 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. ഹൃദയ രോഗ ചികിത്സ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും ചെലവേറിയ ഹൃദ്രോഗ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, പ്രൊഫസര്‍ ഡോ. വിവി രാധാകൃഷ്ണന്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Author