പോത്ത് ഗ്രാമം പദ്ധതിയുമായി പാപ്പിനിശ്ശേരി പഞ്ചായത്ത്

Spread the love

പോത്ത് ഗ്രാമം പദ്ധതിയിലൂടെ പോത്തുവളര്‍ത്തലില്‍ കര്‍ഷകര്‍ക്കു മുന്നില്‍ മികച്ച സാധ്യതകള്‍ തുറന്നിട്ട് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന ഈ പദ്ധതി നടപ്പാക്കിയത്. 2021ല്‍ പ്രത്യേക പദ്ധതി പ്രകാരം പഞ്ചായത്തില്‍ 14 പോത്ത് കുട്ടികളെ വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര്‍ ആവശ്യക്കാരായി എത്തിയതോടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പടുത്തി 1,20000 രൂപ ചെവലില്‍ പോത്ത് ഗ്രാമം പദ്ധതി ആരംഭിച്ചത്.20 പേര്‍ക്ക് ആറ് മുതല്‍ 10 വരെ മാസം പ്രായമുള്ള മുറ ഇനത്തില്‍പെട്ട പോത്ത് കുട്ടികളെയാണ് കൈമാറിയത്. ഒരു പോത്തിന് 6000 രൂപ സബ്ഡിസി നല്‍കിയിരുന്നു. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയും ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവും മുറ ഇനത്തിന്റെ പ്രത്യേകതയാണ്. പത്ത് മാസം കൊണ്ട് ഇവയുടെ ഭാരം ശരാശരി മൂന്നിരട്ടി വര്‍ധിച്ചു. പരമാവധി രണ്ട് വര്‍ഷം വരെ വളര്‍ത്തി മാംസാവശ്യത്തിന് കൈമാറാനാണ് മിക്ക കര്‍ഷകരും ഉദ്ദേശിക്കുന്നത്. താരതമ്യേന കന്നുകാലി വളര്‍ത്തലിനെക്കാള്‍ ചെലവ് കുറവാണ് പോത്ത് കൃഷിക്ക്. കഞ്ഞി വെള്ളവും പച്ചപ്പുല്ലുമാണ് കൂടുതലായും ആഹാരമായി നല്‍കുന്നത്. വെള്ളം കെട്ടി നില്‍ക്കുന്ന ചതുപ്പുനിലങ്ങള്‍, തെങ്ങില്‍ തോപ്പുകള്‍ എന്നിവ കൂടുതല്‍ ഉള്ളതിനാല്‍ പാപ്പിനിശ്ശേരിയുടെ ഭൂ പ്രകൃതിയും പോത്ത് വളര്‍ത്തലിന് അനുയോജ്യമാണ്.കൂടുതല്‍ സമയം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഇവക്ക് വിരയ്ക്കുള്ള മരുന്ന് നല്‍കണം. ഇത് പഞ്ചായത്ത് മൃഗാശുപത്രിയില്‍ സൗജന്യമായി ലഭിക്കും. മാംസ വില്‍പ്പനയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ വിപണി കണ്ടെത്താനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല പറഞ്ഞു. നിലവില്‍ പോത്തുകളെ വളര്‍ത്തുന്ന കുറച്ച് ഫാമുകള്‍ മാത്രമാണ് പ്രദേശത്തുള്ളത്. പദ്ധതി വിജയിച്ചാല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് നടപ്പാക്കുമെന്നും ഇവയുടെ ചാണകം ജൈവ വളമായി വിപണിയിലെത്തിക്കാനുള്ള ആലോചനയുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല കൂട്ടിച്ചേര്‍ത്തു.

Author