ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടക്കുന്ന പിറവം വള്ളംകളിക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആവേശത്തിലാണ് നാടും നഗരവും. ജലോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1.30 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലാണ് ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരം സി.ബി.എല്ലിനൊപ്പമാണ് ഇക്കുറി നടത്തുന്നത്. കാണികൾക്കുള്ള പവലിയനുകളുടെ നിർമ്മാണം ഉൾപ്പടെയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കുമാണ് സുരക്ഷ, അടിയന്തിര ഘട്ടങ്ങളിലെ വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ചുമതല. പൊതുസമ്മേളനത്തിന് ശേഷം ഉച്ചക്ക് രണ്ടിന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരങ്ങൾ ആരംഭിക്കുക. പ്രാദേശിക വള്ളംകളിയും സി.ബി.എൽ മത്സരങ്ങളും ഇടകലർത്തി കലാ സംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ നടത്താനാണ് തീരുമാനം.സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചക്ക് 2.40നാണ് നിശ്ചയിച്ചിട്ടുള്ളത്. വൈകിട്ട് 3.15ന് പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും. തുടർന്ന് കലാപരിപാടികൾക്ക് ശേഷം വൈകിട്ട് 4.15ന് പ്രാദേശിക വള്ളങ്ങളുടെ ഫൈനൽ മത്സരവും വൈകിട്ട് 4.30ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. വൈകിട്ട് 4.45ന് നടക്കുന്ന സമ്മാനദാനത്തോടെയാണ് പിറവം വള്ളംകളി അവസാനിക്കുക.
ഒഴുക്കിനെതിരെ നടക്കുന്ന അപൂർവ്വം വള്ളംകളികളിലൊന്നാണ് പിറവത്തേത്. പിറവം പുഴയിൽ കളമ്പൂര് ആറ്റുതീരം പാർക്കിനു മുൻപിൽ നിന്ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഫിനിഷിംഗ് പോയിന്റ് പിറവം പാലത്തിനു സമീപത്താണ്. ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, ഫൈനൽ മത്സരാർത്ഥികളായ നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, ചുണ്ടൻ വള്ളങ്ങളായ കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ തുടങ്ങിയവയാണ് സി.ബി.എല്ലിലെ മത്സരാർത്ഥികൾ.
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് ജോസഫ്, വലിയ പണ്ഡിതൻ, ശ്രീമുത്തപ്പൻ, ഡാനിയേൽ, സെന്റ് ആന്റണി, വെണ്ണക്കലമ്മ, ശരവണൻ എന്നിവയാണ് ഇ.എം.എസ്. മെമ്മോറിയൽ ട്രോഫി, കെ. കരുണാകരൻ മെമ്മോറിയൽ ട്രോഫി, ടി.എം. ജേക്കബ് മെമ്മോറിയൽ ട്രോഫി, ഉമാദേവി അന്തർജനം മെമ്മോറിയൽ ട്രോഫി എന്നിവക്ക് വേണ്ടിയുള്ള പ്രാദേശിക വള്ളംകളി മത്സരത്തിൽ അണിനിരക്കുന്നത്.