ലോക കേരള സഭ യൂറോപ്യൻ മേഖലാ സമ്മേളനം ഒക്ടോ.9ന് ലണ്ടനിൽ

Spread the love

ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ് -യു.കെ മേഖലാസമ്മേളനം ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്തു ചേർന്ന മൂന്നാം ലോക കേരള സഭയിൽ ഉയർന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്.
യൂറോപ്യൻ മേഖലയിലെ ലോക കേരള സഭാ അംഗങ്ങളും വിവിധ തൊഴിൽ മേഖലയിൽ നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളും വിദ്യാർഥി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും ക്ഷണിതാക്കളാണ്.
നവകേരള നിർമ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ.എം. അനിരുദ്ധൻ, എന്നിവർ യഥാക്രമം ചർച്ചകൾക്ക് നേതൃത്വം നൽകും.
മേഖല സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പ്രവാസി മലയാളി സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം നാലിന് (ഇന്ത്യൻ സമയം രാത്രി 8.30 ന്) നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അഭിസംബോധന ചെയ്യും.

Author