ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന ലാഭം

Spread the love

പാദവാര്‍ഷിക അറ്റാദായം 704 കോടി രൂപ.
53 % വാര്‍ഷിക വര്‍ധന.

കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

‘സുപ്രധാനമായ എല്ലാ തലങ്ങളിലും വളരെ മികച്ച വളര്‍ച്ച നേടിയ കരുത്തുറ്റ പാദമായിരുന്നു ഇത്. വിപണി വിഹിതത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ നേട്ടങ്ങളുണ്ടാക്കാന്‍ കരുത്തുറ്റ ബിസിനസ് വളര്‍ച്ച സഹായകമായി. എക്കാലത്തേയും ഉയര്‍ന്ന അറ്റാദായവും നേടി. ആസ്തി വരുമാനവും ഓഹരി വരുമാനവും ശരിയായ വളര്‍ച്ചാപാതയിലാണ്. ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി 2.46 ശതമാനം, അറ്റ നിഷ്ക്രിയ ആസ്തി 0.78 ശതമാനം എന്നിങ്ങനെയാണ്. വായ്പാ ചെലവ് 53 ബേസ് പോയിന്‍റ് എന്ന മികച്ച നിയന്ത്രിത തോതിലാണ്. വലിയ പ്രോത്സാഹനം നല്‍കുന്ന ഈ ഫലം തുടര്‍ന്നും നിലനിര്‍ത്തുന്നതിനാണ് ഞങ്ങളുടെ ശ്രമം,’ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ബാങ്കിന്‍റെ പ്രവര്‍ത്തന വരുമാനത്തിലും നല്ല വളര്‍ച്ചയുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 912.08 കോടി രൂപയായിരുന്ന പ്രവര്‍ത്തന വരുമാനം 2022 സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 32.91 ശതമാനം വളര്‍ച്ചയോടെ 1212.24 കോടി രൂപയിലെത്തി. ബാങ്കിന്‍റെ മൊത്തം ബിസിനസ് 14.36 ശതമാനം വര്‍ധിച്ച് 350386.03 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി രൂപയായി വര്‍ധിച്ചു. കാസാ നിക്ഷേപങ്ങള്‍ 10.74 ശതമാനം വളര്‍ച്ചയോടെ 68873.27 കോടി രൂപയിലെത്തി.

വായ്പാ വിതരണത്തിലും വര്‍ധന രേഖപ്പെടുത്തി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 137313.37 കോടി രൂപയില്‍ നിന്ന് 163957.84 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 18.38 ശതമാനം വര്‍ധിച്ച് 52438.89 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍17.96 ശതമാനം വര്‍ധിച്ച് 21090.70 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 17.20 ശതമാനം വര്‍ധിച്ച് 13617.35 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 18.61 ശതമാനം വര്‍ധിച്ച് 16240 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 20.70 ശതമാനം വര്‍ധിച്ച് 58928.90 കോടി രൂപയിലുമെത്തി.

രണ്ടാം പാദത്തിലെ അറ്റപലിശ വരുമാനം 1761.83 കോടി രൂപയാണ്. 19.09 ശതമാനം ആണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഇത് 1479.42 കോടി രൂപയായിരുന്നു. പലിശ ഇതര വരുമാനം 23.97 ശതമാനം വര്‍ദ്ധനവോടെ മുന്‍ വര്‍ഷത്തെ 491.65 കോടി രൂപയില്‍ നിന്ന് 609.52 കോടി രൂപയിലെത്തി.

4031.06 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.46 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 0.78 ശതമാനമാണ്. നീക്കിയിരുപ്പ് അനുപാതം 82.76 എന്ന മികച്ച നിലയിലാണ്. ഈ പാദത്തോടെ ബാങ്കിന്‍റെ മൊത്തം മൂല്യം 17551.94 കോടി രൂപയില്‍ നിന്ന് 19617.82 കോടി രൂപയായി വര്‍ധിച്ചു. മൂലധന പര്യാപ്തതാ അനുപാതം 13.84 ശതമാനമാണ്.

2022 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് 1305 ശാഖകളും 1876 എടിഎമ്മുകളുമുണ്ട്.

Report :  Anju V Nair

 

Author