ഡാളസ്: ഡാളസിലെ മെത്തഡിസ്റ്റ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു നഴ്സുമാര്‍ കൊല്ലപ്പെട്ടുവെന്നു പോലീസ് അറിയിച്ചു. പ്രതിയുമായി മെത്തഡിസ്റ്റ് ഹെല്‍ത്ത് സിസ്റ്റം പോലീസ് ഏറ്റുമുട്ടുകയും വെടിയേറ്റു പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെസ്റ്റര്‍ ഹെറാനാള്ഡ് (30) എന്ന വ്യക്തി പിടിയിലായി. ഇയാള്‍ക്കെതിരെ ക്യാപിറ്റല്‍ മര്‍ഡറിനു കേസെടുത്തുവെന്ന് ഡാളസ് പോലീസ് ചീഫ് അറിയിച്ചു.
ഒരു കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ ആയിരുന്ന നെസ്റ്റര്‍ അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. ആക്ടീവ് ആങ്കിള്‍ മോണിറ്റര്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്താണ് അക്രമത്തിനു പിന്നിലുള്ള കാരണമെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരും പ്രസവ വാര്‍ഡിലുള്ളവര്‍ ആയിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
പ്രാദേശിക സമയം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. നോര്‍ത്ത് ബെയ്ക്ലി അവന്യുവിലെ 1400 ബ്ലോക്കിലാണ് വെടിവയ്പ്പ് നടന്നത്. ‘ഞങ്ങളുടെ കുടുംബത്തിലെ രണ്ടു പേരെ നഷ്ടപ്പെട്ടു’വെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണിതെന്ന് ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗ്രാഷ്യ പ്രതികരിച്ചു. ഡാളസ് പോലീസ് വിശദമായ അന്വേഷണം നടത്തും.