കൗമാരം കരുത്താക്കുക, കലാലയങ്ങളില്‍ ബോധവത്കരണത്തിന് വനിതാ കമ്മീഷന്‍

Spread the love

ലിംഗനീതിയെക്കുറിച്ച് ബോധവത്കരണം പെണ്‍കുട്ടികള്‍ക്ക് മാത്രം ലഭിച്ചാല്‍ പോരെന്നും ഇതിനായി കലാലയങ്ങളില്‍ കൗമാരം കരുത്താക്കുക എന്ന പേരില്‍ ബോധവത്കരണ കാമ്പയിന്‍ ആരംഭിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സതീദേവി പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപികമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അവര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം.തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലിടങ്ങളില്‍ നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന സഹാചര്യം ഉറപ്പ് വരുത്തണം. കഴിഞ്ഞ സിറ്റിങില്‍ ഒരു സ്‌കൂള്‍ അധ്യാപിക പരാതിയുമായെത്തിയിരുന്നു. സ്‌കൂളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നില്‍കുകയും ഐ.സി.സി രൂപീകരിച്ച് പരാതി പരിഹരിക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ ജാഗ്രതാ സമിതി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുകയും വേണം. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ സജീവമായാല്‍ നിലവില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. ബോധവത്കരണത്തിന് തുടക്കം കുറിച്ച് കൊണ്ട് നവംബര്‍ 28ന് കാസര്‍കോട് സംസ്ഥാനതല സെമിനാര്‍ നടത്തും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും പോലീസ്, വനിതാ സംരക്ഷണ ജീവനക്കാര്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കും. വ്യാഴാഴ്ച നടന്ന സിറ്റിങില്‍ 30 പരാതികള്‍ പരിഗണിച്ചു. 10എണ്ണം തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടെണ്ണം കൗണ്‍സിലിങിന് വിട്ടു. 11 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി.

Author