ലഹരിയുടെ വഴി തടയാം ലഹരിക്കെതിരെ ഒന്നിച്ച് പോരാടാം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കേരളപ്പിറവി ദിനത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ (എം.എ കോളേജ്) ലഹരി വിരുദ്ധ ശൃംഖലയും പ്രതീകത്മകമായി ലഹരി കത്തിക്കലും സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.
കോതമംഗലം താലൂക്കിലെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപനം എന്ന നിലയിൽ എക്‌സൈസ് വകുപ്പും എം.എ കോളേജും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. എം.എ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ലഹരിവിരുദ്ധ ശൃംഖലയിൽ വിദ്യാർത്ഥികളും, അധ്യാപകരും,അനധ്യാപകരും അടക്കം നിരവധിപേർ പങ്കുചേർന്നു.
ചടങ്ങിൽ പ്രതീകാത്മകമായി
ലഹരിക്ക് തീ കൊളുത്തിയ ആന്റണി ജോൺ എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എ നിയാസ്, ജയ് മാത്യൂസ്, എ.ഇ സിദിഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ, ശ്രീലക്ഷ്മി, എം.എ കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സി.എ അൽഫോൻസ, ഡോ. എ. വൈ എൽദോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.