കായികമായി നേരിട്ടാല്‍ തിരിച്ചടിക്കും : കെ.സുധാകരന്‍ എംപി

Spread the love

യുവാക്കളുടെ ആത്മാഭിമാനത്തിന് വിലപറഞ്ഞ തിരുവനന്തപുരം മേയര്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധത്തെ കായികമായി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തുടര്‍ച്ചയായി വഞ്ചിച്ച സംസ്ഥാനത്തെ യുവാക്കളുടെ പ്രതിഷേധമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത്.മേയറുടെ വഴി തടഞ്ഞ ചുണക്കുട്ടികളായ കെ.എസ്.യു പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ,സിപിഎം ക്രിമിനുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. കൊടിയ മര്‍ദ്ദനമേറ്റുവാങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ കയ്യാമം വെച്ച പോലീസ് അക്രമികളായ സിപിഎം പ്രവര്‍ത്തകരെ വെറുതെ വിടുകയും ചെയ്തു.

അധികാരത്തിന്റെ തണലില്‍ സിപിഎം പ്രവര്‍ത്തകര്‍ തിണ്ണമിടുക്ക് കാട്ടാന്‍ മുതിരുമ്പോള്‍ അതിന് കെ.എസ്.യുവിന്റെ കുട്ടികളെ ബലിയാടാക്കാമെന്ന് പോലീസ് സ്വപ്‌നം കാണണ്ട.സിപിഎമ്മിന്റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു,കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം മേയര്‍ക്കെതിരായ ഗുരുതര ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനോ, പ്രിന്‍സിപ്പാളിനെതിരെ കൊലവിളി നടത്തുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയോ സംരംഭകരുടെ മേല്‍ കുതിരകേറുന്ന ഇടതു തൊഴിലാളി സംഘടനയുടെ നേതാക്കള്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത പോലീസ് സിപിഎമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതണ്ടെന്നും സുധാകരന്‍ പറഞ്ഞു.

 

Author