പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 2.25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

Spread the love

പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ സാധ്യമാക്കുന്നതിന് 2.25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയുടെ കിഴക്കന്‍ മേഖലയില്‍ ശബരിമല ഉള്‍പ്പെടുന്ന ഭാഗത്ത് പട്ടികജാതി- പട്ടികവര്‍ഗ – ആദിവാസി മേഖലകളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെയുള്ള പ്രദേശത്ത് ചികിത്സാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വാര്‍ഡുകള്‍, നഴ്സിംഗ് സ്റ്റേഷന്‍, രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല പാതയില്‍ പമ്പ, നിലയ്ക്കല്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും ആദ്യത്തെ ആശുപത്രി എന്ന പ്രത്യേകതയും പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഉണ്ട്. അടിയന്തര സാഹചര്യത്തില്‍ മലയോരമേഖലയിലെ ജനങ്ങള്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ യാത്ര ചെയ്തു റാന്നിയിലും പെരുനാട്ടിലും എത്തിയാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്.പെരുനാട്ടില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാകുന്നതോടെ ജനങ്ങള്‍ ചികിത്സയ്ക്കായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ആകുമെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പെരുനാട് പഞ്ചായത്ത് വിട്ടുനല്‍കുന്ന സ്ഥലത്തായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുക.

Author