രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കി
രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി
തിരുവനന്തപുരം: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാത്രമല്ല ചില ജില്ലകളില്‍ ബ്ലോക്കുതല എഎംആര്‍ കമ്മിറ്റികളും രൂപീകരിച്ചു കഴിഞ്ഞു. കോവിഡ് സാഹചര്യം കാരണം വേഗത കുറഞ്ഞ ആന്റിമൈക്രോബിയല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വേണ്ടിയാണ് ജില്ലാതല എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച രോഗ പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan – KARSAP) സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ദ്രുത കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതി ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ വഴിയാണ് നടപ്പിലാക്കുന്നത്.
.
സ്വകാര്യ ആശുപത്രികള്‍, പ്രൈമറി, സെക്കന്ററി കെയര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി 21 സാറ്റലൈറ്റ് സെന്ററുകള്‍ ഉള്‍പ്പെടുത്താന്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വെയലന്‍സ് നെറ്റുവര്‍ക്ക് (KARS-NET) വിപുലീകരിച്ചു. സംസ്ഥാനത്തെ എ.എം.ആര്‍. സര്‍വെയലന്‍സിന്റെ ഭാഗമായി ലബോറട്ടറി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ് എ.എം.ആര്‍. സര്‍വെയലന്‍സിന്റെ സംസ്ഥാനത്തെ നോഡല്‍ സെന്ററായി പ്രവര്‍ത്തിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2021ലെ കാര്‍സ് നെറ്റ് എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് മന്ത്രി പ്രകാശനം ചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാനം എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൂടിവരുന്നതായാണ് കാണുന്നത്. അതിനാല്‍ എഎംആര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നിപ, കോവിഡ്, മങ്കിപോക്‌സ് തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധത്തിന് രോഗ പ്രതിരോധ നിയന്ത്രണ പരിശീലനങ്ങള്‍ ഏറെ സഹായിച്ചതായും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ എഎംആര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധിയും എഎംആര്‍ ടെക്‌നിക്കല്‍ ഓഫീസറുമായ ഡോ. അനുജ് ശര്‍മ്മ പറഞ്ഞു. രാജ്യത്ത് ആദ്യമായി ജില്ലാതല എഎംആര്‍ കമ്മിറ്റികളും ബ്ലോക്കുതല എഎംആര്‍ കമ്മിറ്റികളും രൂപീകരിക്കുകയും സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തതിനെ, സംസ്ഥാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. കലാ കേശവന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, കാര്‍സാപ് നോഡല്‍ ഓഫീസര്‍ ഡോ. എസ്. മഞ്ജുശ്രീ, കാര്‍സാപ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അരവിന്ദ് എന്നിവര്‍ സംസാരിച്ചു.
—