ട്രഷറിയിൽ ഇ-വാലറ്റ് സംവിധാനം നടപ്പാക്കും : മന്ത്രി കെ.എൻ. ബാലഗോപാൽ

Spread the love

സംസ്ഥാനത്തെ ട്രഷറികളിൽ ഇ-വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കൊല്ലങ്കോട് സബ് ട്രഷറിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചിത തുക നിക്ഷേപിച്ച് ഇ-പേയ്‌മെന്റ്, ഓൺലൈൻ പർച്ചേസ് ഉൾപ്പടെയുള്ളവ നടത്താനുള്ള സൗകര്യമാണ് ഇ-വാലറ്റിലൂടെ ആലോചിക്കുന്നതെന്നും ഇത് നിക്ഷേപകർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ട്രഷറി വകുപ്പിൽ വലിയ മാറ്റങ്ങൾ സർക്കാർ കാലോചിതമായി വരുത്തുന്നുണ്ട്. ട്രഷറികൾ മുഴുവൻ ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. കൃത്യത, സുരക്ഷ, തെറ്റായ കാര്യങ്ങൾ ഉണ്ടാവാതിരിക്കുക എന്നത് ട്രഷറിയെ സംബന്ധിച്ച് പ്രധാനമാണ്. ആധികാരികത വർദ്ധിപ്പിക്കാനും ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്താനുമായി ട്രഷറികളിലെ സെർവറുകൾ അപ്‌ഗ്രേഡ് ചെയ്തതായും മന്ത്രി പറഞ്ഞു.
ട്രഷറി പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനായി ഹാജർ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് സംവിധാനം നടപ്പാക്കി. അടുത്ത ഘട്ടത്തിൽ ഓരോ ഉദ്യോഗസ്ഥനും ബയോമെട്രിക് സംവിധാനത്തിന് കീഴിലാവുന്ന രീതിയിലേക്ക് മാറും. ട്രഷറിയുടെ നിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിച്ചാൽ ഏതെങ്കിലും പൊതുമേഖല ബാങ്കുകളെക്കാൾ മെച്ചപ്പെട്ട സമ്പാദ്യം ഉണ്ടാവും. ഏകദേശം ഒന്നേ മുക്കാൽ ലക്ഷം കോടി മുതൽ രണ്ട് ലക്ഷം കോടി രൂപ വരെ ഒരു വർഷം ട്രഷറി കൈകാര്യം ചെയ്യുന്നുണ്ട്. അത് ട്രഷറിയുടെ വലുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രമാണ് ട്രഷറികൾ. അത് നല്ല രീതിയിൽ കെട്ടിപ്പടുക്കുക എന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെ ജീവിതത്തിന്റെയും പ്രധാന കാര്യമാണ്.
സംസ്ഥാനത്തിന്റെ ധനകാര്യ നട്ടെല്ലാണ് ട്രഷറികൾ. ട്രഷറിയുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. 1467 പെൻഷൻകാർ, 5002 സേവിങ്‌സ് അക്കൗണ്ടുകളും 9120 സ്ഥിര നിക്ഷേപങ്ങളും 183 സ്ഥാപനങ്ങളും കൊല്ലങ്കോട് ട്രഷറിയുമായി ബന്ധപ്പെടുന്നുണ്ട്. ശമ്പളങ്ങളും ആനുകൂല്യങ്ങളും മാത്രം നൽകലല്ല ട്രഷറിയിലൂടെ നടക്കുന്നത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പണം അനുവദിക്കുന്നതിന്റെ ഏജൻസികളായും ട്രഷറികൾ മാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്രഷറിയുടെ നട്ടെല്ല് പെൻഷൻകാരാണ്. ആളുകളെ ഒരുമിച്ച് എത്തിക്കുന്നതിൽ ട്രഷറി വലിയ പങ്കുവഹിക്കുന്നു. ട്രഷറിയുടെ പ്രവർത്തനങ്ങളിൽ കൂടുതലും ഇടപെടുന്നത് പെൻഷൻകാരാണ്. ട്രഷറിയിൽ വരുന്ന ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പുതിയ കെട്ടിടങ്ങളിലൂടെ പ്രധാനമായും സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ തിരുവിതാംകൂർ ട്രഷറികൾ ഉണ്ടായ കാലം മുതൽ ബാങ്കിങ് അവകാശങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ ബാങ്കിങ് അവകാശങ്ങൾ നിർത്തലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്തിന് കഴിഞ്ഞവർഷം കിട്ടിയതിനെക്കാൾ 23,000 കോടിയാണ് ഈ വർഷം കുറവ് വന്നത്. തൊഴിലുറപ്പ് തൊഴിലുകളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ വരുന്നത് സംസ്ഥാനത്തിന്റെ കാർഷിക മേഖലയെ ബാധിക്കുന്നതായും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും നാടിന്റെ വികസനത്തിന് തടസം ഉണ്ടാകാത്ത രീതിയിൽ മുന്നോട്ടുപോവാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Author