വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് സര്‍വകക്ഷിയോഗം

Spread the love

കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സര്‍വകക്ഷി – സമാധാന യോഗത്തില്‍ ധാരണയായതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു. പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായത്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും സമാധാനന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും യോഗ ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Author