പ്രത്യേക ശ്രദ്ധ വേണ്ട എല്ലാ കുട്ടികളേയും ഉൾക്കൊള്ളിച്ചുള്ള കലോത്സവം അടുത്ത വർഷം മുതൽ
പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന 16 ഹോമുകളിലും സ്ഥല ലഭ്യതയനുസരിച്ച് കളിക്കളം ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. ‘സ്ഥല ലഭ്യത അനുസരിച്ച് എല്ലാ സർക്കാർ ഹോമുകളിലും കളിക്കളം യാഥാർഥ്യമാക്കും. ഹോമുകളിലെ അകത്തളങ്ങൾ പൂർണമായും ശിശുസൗഹൃദമാക്കും. വ്യായാമത്തിന് സൗകര്യം ഏർപ്പെടുത്തും. കുട്ടികളുടെ തന്നെ ആവശ്യമനുസരിച്ച് നടത്തുന്ന ഈ പ്രവർത്തികൾ മിഷനായി ഏറ്റെടുത്ത് ഈ വർഷം തന്നെ യാഥാർഥ്യമാക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി നടത്തുന്ന കലോത്സവമായ ‘വർണ്ണചിറകുകൾ’ തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഇത്തവണ തിരുവനന്തപുരം ജില്ലയിലെ എൻ.ജി.ഒകൾ നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികൾ കൂടി പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷം മുതൽ സംസ്ഥാനത്തെ എല്ലാ എൻ.ജി.ഒകളും നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ കൂടി വർണ്ണച്ചിറകുകളിൽ പങ്കാളികളാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ തലങ്ങളിൽ കലാമേള നടത്തിയശേഷം അന്തിമമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കും. കലാമേള കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികസനത്തിൽ മുതൽക്കൂട്ടായി മാറും. അവർക്ക് എന്നും ഓർത്തു വെക്കാവുന്ന മനോഹര നിമിഷങ്ങൾ കലോത്സവങ്ങൾ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.