അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ സാധാരണ പൗരന്‍മാര്‍ക്ക് അഭയാര്‍്തഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനുവരി 19 വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലേക്ക് കൊണ്ടു വരുന്ന അഭയാര്‍ത്ഥികളുടെ സാമ്പത്തികവും, താമസവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്‌പോണ്‍സര്‍മാര്‍ ഏറ്റെടുക്കണമെന്ന് പുതിയ പോളിയില്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ പദ്ധതിക്ക് ‘വെല്‍ക്കം കോര്‍പസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നാലോ അഞ്ചോ അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെ ഒരുമിച്ചു സ്‌പോണ്‍സര്‍ ചെയ്യുന്നതിനും അവസരം ലഭിക്കും.

നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇത്രയും ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.

സ്‌പോണ്‍സര്‍മാര്‍ അഭയാര്‍ത്ഥികളുടെ ചിലവിലേക്ക് ആദ്യമാസം 2275 ഡോളര്‍ സമാഹരിക്കേണ്ടതുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, വിന്റര്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് ഇത്രയും തുക. മൂന്നു മാസത്തിനുശേഷം ഫെഡറല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ആദ്യ നടപടി എന്ന നിലയില്‍ വര്‍ഷത്തിന്റെ ആദ്യം പതിനായിരം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് 5000 അഭയാര്‍ത്ഥികള്‍ സ്‌പോണ്‍സര്‍ ചെയ്യാം. രണ്ടാം ഘട്ടം 2023 മദ്ധ്യത്തില്‍ ആരംഭിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് പുതിയ പോളിസി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൊണ്ടു വന്നത്.

Author