ഏഷ്യൻ വംശക്കാരോടുള്ള വിദ്വേഷത്തിനെതിരെയുള്ള ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (ഐനാനി) ശ്രമങ്ങൾ തുടരുന്നു. ഇന്ത്യക്കാർ അടങ്ങുന്ന ഏഷ്യൻ വ്യക്തികൾ സമൂഹത്തിൽ ദൈനം ദിനം അനുഭവിക്കുന്ന വിവേചനവും വിദ്വേഷവും പലരിലും വ്യക്തിപരമായി ഭവിക്കാത്ത സാധാരണത്വം ആയി മാറിക്കഴിഞ്ഞു. ജോലിസ്ഥലത്തുളള വിവേചനം, പക്ഷപാതം, കണ്ടില്ല എന്ന് നടിക്കുക, കുറ്റപ്പെടുത്തൽ, കളിയാക്കൽ, വാക്കുകൾ കൊണ്ടുള്ള പീഡനം, ഭീഷണി, മുതൽ ശാരീരിക പീഡനം വരെ ഉൾപ്പെടുന്നു ഏഷ്യക്കാരോടുള്ള വിദ്വേഷത്തിൽ.
സമൂഹത്തിലെ ഈ സാംസ്കാരിക മാലിന്യത്തെ കുറിച്ച് ജനത്തെ ബോധവൽക്കരിക്കുക, പ്രതികരണ ശേഷി വർധിപ്പിക്കുക, പൗരബോധത്തോടെ പ്രതികരിക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഐനാനി വിശാല സാമൂഹികാരോഗ്യത്തിനായുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു ഗ്രാന്റോടുകൂടിയാണ് ഐനാനി ഈ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്. കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുമായി ചേർന്ന് ന്യൂ യോർക്ക് സ്റ്റേറ്റ് ഗ്രാന്റോടുകൂടി ഐനാനി സമൂഹത്തിലെ സാംസ്കാരിക മാലിന്യം കുറയ്ക്കുവാൻ ശ്രമിച്ചുവരുന്നു. കൂട്ടായ്മയുടെയും സംഘടനകളുടെയും സമ്മേളനങ്ങലും മറ്റു സാമൂഹിക വേദികളും തങ്ങളുടെ ദൗത്യം നിറവേറ്റാനുള്ള വേദിയായി ഇപ്പോൾ ഐനാനി ഉപയോഗപ്പെടുത്തിക്കൊണ്ടി രിക്കുകയാണ്.
പ്രവാസി ചാനൽ റീജിയണൽ ഡയറക്റ്റർ ലാജി തോമസ് ടീമിന്റെ ഔപചാരിക പ്രഖ്യാപനം ശനിയാഴ്ച ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ നടന്നപ്പോൾ ആ കൂട്ടായ്മയെ ലാക്കാക്കി പ്രത്യേക മേശയൊരുക്കി ഐനാനി. സാമൂഹിക നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട ഈ വേദി ഐനാനിയുടെ മുൻകൈ നടപടികൾക്കുള്ള പ്രോത്സാഹനവേദി കൂടിയായി.
ന്യൂ യോർക്ക് സിറ്റിയിലെ ആദ്യത്തെ കൊറിയൻ വംശക്കാരി കൗൺസിൽ മെമ്പർ ലിൻഡ ലീ ഐനാനിയെ സ്ളാഘിച്ചു. ശ്രമങ്ങൾ മറ്റു കമ്മ്യൂണിറ്റികളിലേക്കും വർധിപ്പിക്കുന്നത് കൂടുതൽ പ്രയോജനകരമാകുമെന്നു ഐനാനിയുടെ അഭിപ്രായത്തെ ലിൻഡ ലീ പിന്തുണയ്ക്കുകയും മറ്റു ഏഷ്യൻ കമ്മ്യൂണിറ്റികളുമായി ബന്ധിപ്പിക്കുന്നതിന് ഏകോപനശ്രമം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
അമേരിക്കയിലെ ഇരുപത്തിമൂന്നു ദശലക്ഷം വരുന്ന ഏഷ്യൻ സമൂഹം കോവിഡ് പകർച്ചവ്യാധിയുടെ ആരംഭത്തോടെ വിദ്വേഷപരമായ പെരുമാറ്റങ്ങൾക്ക് വിധേയമാകുകയായിരുന്നു. രണ്ടായിരത്തി ഇരുപത് മാർച്ചു മുതൽ രണ്ടായിരത്തി ഇരുപത്തിരണ്ട് മാർച്ച് വരെ പതിനൊന്നായിരത്തി അഞ്ഞൂറിലധികം ഏഷ്യൻ വിരുദ്ധ അക്രമ സംഭവങ്ങൾ നടന്നതായി ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അനേകമനേകം വിവേചകസംഭവങ്ങൾ വേറെയും. വിദ്വേഷത്തിനും അക്രമത്തിനും വിധേയമായിട്ടുള്ളവർ ഭീതി, സാമൂഹികമായ ഒറ്റപ്പെടൽ, വിഷാദരോഗം എന്നിവ കൊണ്ട് വേദന അനുഭവിക്കുന്നുണ്ട്. സംഭവങ്ങൾക്കു ദൃക്സാക്ഷികൾ ആകുന്നവർ സ്വന്തം സുരക്ഷിതത്വത്തെ ഭയന്ന് കണ്ടില്ലായെന്നു നടിക്കുകയോ നിസ്സഹായതയോടെ നോക്കുകയോ ആണ് പലപ്പോഴും ചെയ്യുന്നത്.
തെളിവിൽ അധിഷ്ഠിതമായ തന്ത്രങ്ങൾ വഴി വിദ്വേഷ സംഭവങ്ങളെ തടയുകയോ, ഒഴിവാക്കുകയോ, ലഘൂകരിക്കുകയോ ചെയ്യുവാനാണ് ഐനാനിയുടെ ബോധാനശ്രമത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഡിസ്ട്രാക്ട്, ഡെലിഗേറ്റ്, ഡോക്യുമെന്റ്, ഡിലെ, ഡയറക്ട് എന്നിവയാണ് ഈ തന്ത്രങ്ങൾ. പല യൂണിവേഴ്സിറ്റികളും സംഘടനകളും ഇവയിൽ പരിശീലനം നൽകുന്നുണ്ട്. ഇവയെ വിശദമായി പരിശീലിപ്പിച്ചു ആളുകളെ അവബോധർ ആക്കി ആത്മവിശ്വാസം വർധിപ്പിച്ചു ശക്തിപ്പെടുത്തുകയാണ് ഐനാനി ഗ്രാന്റ് കമ്മിറ്റി അംഗങ്ങൾ.
ലിൻഡ ലീയെ കൂടാതെ സെനറ്റർ കെവിൻ തോമസ്, റോക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറും ഐനാനി ഉപദേശകസമിതി അംഗവും ആയ ഡോ. ആനി പോൾ, നോർത്ത് ഹെമ്പ്സ്റ്റഡ് ടൗൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന എന്നിവരും ഐനാനിയുടെ ആന്റി ഏഷ്യൻ ടേബിൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹകരണവും സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.