ബി.എസ്.എന്‍.എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത് സംബന്ധിച്ച് നിക്ഷേപകരുടെ പരാതിയില്‍ സഹകരണ വകുപ്പിന്റെ മൂന്നംഗ സമിതി അന്വേഷിക്കുകയും 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ചെയ്തു. പ്രസിഡന്റിനും ജീവനക്കാരനും എതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യത്തിന് സൗകര്യം ചെയ്തു കൊടുത്തു. മുന്‍കൂര്‍ ജാമ്യം കോടതി നിരസിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
വ്യാജ രേഖ നല്കി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് വകമാറ്റി ചെലവഴിച്ചത് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഭരണസമതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. 200 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടും 41 കോടിയുടെ കണക്കാണ് സഹകരണ് വകുപ്പിന് നല്‍കിയിരിക്കുന്നത്. സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. തട്ടിപ്പ് നടത്തിയവര്‍ അനധികൃതമായി സമ്പാദിച്ച സ്വത്ത് വകകളുടെ സര്‍വെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നിക്ഷേപകര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ആര്ബിട്രേഷന് നടപടികള്‍ ഒഴിവാക്കുന്നതിന് പ്രതികള്‍ അവരുടെ വസ്തുവകകള്‍ വില്‍ക്കാനും ശ്രമം നടത്തി.
65 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാണ് സംഘത്തിലെ നിക്ഷേപകരില്‍ ബഹുഭൂരിപക്ഷവും. റിട്ടയര്‍മെന്റ് അനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവുമാണ് അവര്‍ നിക്ഷേപിച്ചത്. ചികിത്സയ്ക്കും മക്കളുടെ വിവാഹ ആവശ്യത്തിനുമൊക്കെ പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഉന്നത സ്വാധീനത്തെ തുടര്‍ന്നാണ് പ്രതികള്‍ ഇപ്പോഴും അറസ്റ്റില്‍ നിന്നും ഒഴിവാകുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്തു സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപ്പെട്ട നിക്ഷേപത്തുക തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.