കൊച്ചി: മണ്ണിന്റെയും പരിസ്ഥിതിയുടെ ആകെയും അതിജീവനത്തിനായി കൂട്ടായ യത്നം ലക്ഷ്യമിടുന്ന അഞ്ചു ദിവസത്തെ ‘സോയിൽ അസംബ്ലി’ക്കു ബിനാലെയിൽ പ്രൗഢഗംഭീര തുടക്കം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാപ്രവർത്തകരും ഡിസൈനർമാരും ക്യൂറേറ്റർമാരും വാസ്തുവിദ്യ വിദഗ്ധരും വിദ്യഭ്യാസ വിചക്ഷണരും സാമൂഹ്യ പ്രവർത്തകരും കർഷകരും വിവര സാങ്കേതിക വിദ്യ വിദഗ്ധരും ഉൾപ്പെടെ പ്രഥമ അസംബ്ലിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കുന്നുണ്ട്.
സമകാലീന സാഹചര്യങ്ങളിൽ ലോകസമൂഹത്തിന്റെ സുസ്ഥിരതയ്ക്കും സുസ്ഥിതിക്കും സോയിൽ അസംബ്ലി അത്യധികം പ്രസക്തമാണെന്ന് വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ (ഡബ്ള്യൂഡിഒ) പ്രസിഡന്റ് ഡേവിഡ് കുസുമ പറഞ്ഞു. യു എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന ഉത്തരവാദപൂർണ്ണ ഉപഭോഗവും ഉത്തരവാദിത്വപൂർണ്ണ ഉത്പാദനവും എന്നത് മാർഗ്ഗരേഖയാക്കി പ്രവർത്തനങ്ങൾ ഉണ്ടാകണം. സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക വികസനത്തിൽ കരുത്തുറ്റ ഘടകമായ ഡബ്ള്യൂഡിഒ യു എൻ മാർഗരേഖ ഉൾക്കൊണ്ട് മാനവിക സമഗ്രക്ഷേമത്തിനായി പ്രവർത്തിക്കും.
യു എൻ മാർഗരേഖ നടപ്പാക്കുന്നതിന് മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റം വേണം. അതിനുതകുന്ന പുതിയചിന്താഗതികൾക്കും സംവാദങ്ങൾക്കും അസംബ്ലി വേദിയൊരുക്കും. പ്രമുഖ ആഗോള സംരംഭമായി മാറിക്കഴിഞ്ഞ കൊച്ചി ബിനാലെ കലയുടെയും ഡിസൈനിന്റെയും പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല അന്താരാഷ്ട്ര സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും വിജ്ഞാന വിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുന്നുണ്ട്. ഈ വേദി ആദ്യ സോയിൽ അസംബ്ലിക്ക് വേദിയാകുന്നത് അർത്ഥവത്താണെന്നും ഡേവിഡ് കുസുമ പറഞ്ഞു.
കാലാവസ്ഥാമാറ്റം സംബന്ധിച്ച പുതിയ ആശയവിനിമയങ്ങളും അന്വേഷണങ്ങളും നടക്കുന്നതിന് സോയിൽ അസംബ്ലി വഴിയൊരുക്കുമെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കൂടുതൽ പരിസ്ഥിതി സൗഹൃദോന്മുഖമായി മനസ്സിനെ സംവേദനക്ഷമമാക്കാൻ അസംബ്ലിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്പാൽ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ഡിസൈൻ ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ അരിന്ദം ദാസ്, സ്ഥാപക ഡയറക്ടർ ഗീത നാരായണൻ, ഡബ്ള്യൂഡിഒ സെനറ്റ് അംഗം ശ്രീനി ശ്രീനിവാസൻ എന്നിവർ ഫോർട്ട്കൊച്ചി കബ്രാൾയാർഡ് ബിനാലെ പവിലിയനിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി.
സ്കൂൾ ഓഫ് മീഡിയ ആർട്ട്സ് ആൻഡ് സയൻസസ്, സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ കണ്ടമ്പററി ആർട്ട് ഡീൻ മീന വാരി, ആർട്ടിസ്റ്റും എഴുത്തുകാരനും ജേർണലിസ്റ്റുമായ എവൻ ചാഡ്റോണറ്റ്, സ്വിസ് ആർട്ടിസ്റ്റ് മായ മിൻഡർ, ഓഫീസ് ഓഫ് എക്സ്പെരിമെന്റ്സ് സ്ഥാപകനും വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ ആർട്ട് ആൻഡ് മീഡിയ പ്രൊഫസറുമായ നീൽ വൈറ്റ് എന്നിവർ ക്യൂറേറ്റ് ചെയ്യുന്ന സോയിൽ അസംബ്ലിയിൽ പ്രബന്ധാവതരണങ്ങളും പാനൽ ഡിസ്കഷനുകളും സംവാദങ്ങളും വീഡിയോ, സിനിമ പ്രദർശനങ്ങളും നടക്കും. കാലാവസ്ഥ പ്രതിസന്ധികളുടെയും പാരിസ്ഥിതിക അടിയന്തിരാവസ്ഥയുടെയും കാലത്ത് അനുബന്ധ സങ്കീർണ്ണ സാഹചര്യങ്ങൾ ചർച്ച ചെയ്യാനും തുടർ പ്രവർത്തനങ്ങൾക്കു രൂപം നൽകാനുമാണ് സോയിൽ അസംബ്ലിയെന്നു ക്യൂറേറ്റർമാരുടെ പ്രസ്താവന പറയുന്നു.
സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ നടക്കുന്ന അസംബ്ലിയുടെ ഭാഗമായി ബിനാലെ ആർട്ട്റൂമിൽ ഇന്നും (ഫെബ്രുവരി രണ്ട്) നാളെയുമായി രാവിലെ പത്തുമുതൽ ഒന്നുവരെ രണ്ടു ശിൽപശാലകൾ നടക്കും. പത്തു വയസിനു മുകളിലുള്ളവർക്കായി നടത്തുന്ന ‘ലിവിങ് സ്കൾപ്ച്ചർ’ എന്ന ശിൽപശാല ആസ്ത ചൗഹാൻ നയിക്കും.18വയസിനു മേലുള്ളവരെ ലക്ഷ്യമിടുന്ന ‘ത്രീ സിസ്റ്റേഴ്സ് ആൻഡ് മോർ’ ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നത് സുരേഷ് കുമാറാണ്.
Report : Aishwarya