അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ ‘കരുതല്‍ കിറ്റ്’

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ആദ്യ കിറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഫലപ്രദമായും ഗുണമേന്മയോടും കൂടി ഉറപ്പാക്കുവാന്‍ പറ്റുന്ന തരത്തിലാണ് കരുതല്‍ കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മരുന്നുകള്‍ ഉള്‍പ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികള്‍ ഈ കിറ്റിലുണ്ട്. കെ.എം.എസ്.സി.എല്‍.ന് കീഴിലുള്ള കാരുണ്യ ഫര്‍മസികള്‍ വഴി 1000 രൂപയ്ക്ക് താഴെ കിറ്റ് ലഭ്യമാകും. ആശാഡ്രഗ് കിറ്റ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കുള്ള കിറ്റുകള്‍, സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകള്‍ എന്നിവയും ഇനി കരുതല്‍ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാകുക.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മൃണ്‍മയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, കാരണ്യ മരുന്നു വിതരണ വിഭാഗം ഡെപ്യൂട്ടി മാനേജര്‍ അരുണ്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Author