രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സ്പീക്കറുടെ കസേര തല്ലിത്തകര്‍ത്ത ഇ.പി ജയരാജന്‍ നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷത്തിന് ക്ലാസെടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്; പാംപ്ലാനിയുടെ പ്രസ്താവനയില്‍ വൈകാരികതയ്ക്കപ്പുറം ഒന്നുമില്ല.

കൊച്ചി :  രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പൊലീസിനെ അയച്ച് അദ്ദേഹത്തെ അപമാനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ അതിശക്തിയായി പ്രതിഷേധിക്കുന്നു. രാഷ്ട്രീയ പകപോക്കലിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരും. രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്.

അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ ചേരിയില്‍ നില്‍ക്കുന്ന ജനങ്ങള്‍ പ്രതിരോധിക്കും. ഭരണകൂടം ഭീരുക്കളാണെന്നതിന്റെയും രാഹുല്‍ ഗാന്ധിയെ മോദി സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെയും അവസാനത്തെ ഉദാഹരണമാണ് പൊലീസിനെ അയച്ച് നടത്തിയ ഈ നാടകം.

എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്നലെ ഒരു സ്റ്റഡി ക്ലാസെടുത്തു. അദ്ദേഹം തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര ഇപ്പോഴും പാലായിലെ ഒരു ഫര്‍ണീച്ചര്‍ ഗോഡൗണിലുണ്ട്. ഇക്കാര്യം ഇ.പി ജയരാജനെ വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. ഇ.പി ജയരാജനെ പോലൊരാള്‍ പ്രതിപക്ഷം എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്നത് സംബന്ധിച്ച് ക്ലാസെടുക്കുന്ന വിചിത്രമായൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗമാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് ജയരാജന്‍ പറയാതെ പറഞ്ഞ് വച്ചിരിക്കുന്നത്. തന്റെ പ്രസ്താവനയിലൂടെ ജയരാജന്‍ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നത്.

പ്രതിപക്ഷം മുന്നോട്ട് വച്ചിരിക്കുന്ന ന്യായമായ കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ സമ്മേളനവുമായി സഹരിക്കില്ല. സഭ നടക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. പക്ഷെ പ്രതിപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കാന്‍ തയാറല്ല.

റബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായതാണ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടിയുടെ റബര്‍ സ്ഥിരതാ ഫണ്ട് പൂര്‍ണമായും ചെലവഴിച്ചിരുന്നു. എന്നാലിപ്പോള്‍ ഫണ്ട് ഉണ്ടെങ്കിലും ചെലവഴിക്കുന്നില്ല. എന്നാല്‍ റബര്‍ വിലയുടെ

പേരില്‍ ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാനാകില്ല. നാല് കൊല്ലത്തിനിടെ അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍സാമിയെന്ന വന്ദ്യവയോധികനെ ജയിലിലിട്ട് കൊന്നവരാണ് മോദി ഭരണകൂടം. രണ്ട് കത്തോലിക്കാ പുരോഹിതരും അഞ്ച് പാസ്റ്റര്‍മാരും ഇപ്പോഴും ജയിലിലാണ്. എല്ലായിടത്തും മതപരിവര്‍ത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന് ആരോപിച്ച് അവര്‍ ആക്രമിക്കപ്പെടുകയാണ്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളാണ്. ഈ സാഹചര്യത്തില്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല.

Author