റവന്യൂ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും സ്മാർട്ടാക്കും; മന്ത്രി കെ. രാജൻ

Spread the love

ആധുനികവത്കരിച്ച പള്ളിപ്പുറം വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ റവന്യൂ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും സ്മാർട്ടാക്കുമെന്ന് മന്ത്രി കെ. രാജൻ. ആധുനികവത്കരിച്ച പള്ളിപ്പുറം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് കേരളത്തിന്റെ മാതൃകാ വകുപ്പ് ആണ്. എറണാകുളത്തെ ഇ- ജില്ലയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സബ് കളക്ടര്‍ പി.വിഷ്ണുരാജ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, എഡിഎം എസ്. ഷാജഹാന്‍, മറ്റ്‌ ജന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

റീബിൽഡ് കേരള പദ്ധതിയിൽ 44 ലക്ഷം രൂപ വീതം ചെലവിട്ടാണ് വൈപ്പിൻ മണ്ഡലത്തിലെ നായരമ്പലം, പള്ളിപ്പുറം വില്ലേജ് ഓഫീസ് മന്ദിരങ്ങൾ ആധുനികവത്കരിച്ചത്..

Author