നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും സാമൂഹിക നീതി മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മേയ് 4 ഉച്ച 2 മണിക്ക് തിരുവനന്തപുരം ആക്കുളത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്നേഹയാനം, ANTAC വെബ്പോർട്ടൽ, മെറിഹോം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും, ന്യൂ ഇമേജിംഗ് സൗകര്യ വികസനം, മിത്രം, യത്നം എന്നീ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സംസ്ഥാനതല ഓട്ടിസം ദിനാചരണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ എം അഞ്ജന, മേയർ ആര്യ രാജേന്ദ്രൻ, സാമൂഹികനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ എസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അന്നേ ദിവസം 10 മണി മുതൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാസംഗമം നടക്കും.