എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതിയ ഐ.പി ബ്ലോക്ക് വരുന്നു

Spread the love

മാസ്റ്റര്‍ പ്ലാനിന് അംഗീകാരം.
ചെലവ് 83 കോടി രൂപ374 കിടക്കകള്‍, 14 ഐസിയു കിടക്കകള്‍1,60,000 ചതുരശ്ര അടി വിസ്തീര്‍ണംഎറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതിയ ഐ.പി ബ്ലോക്കിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. 83 കോടി രൂപ ചെലവില്‍ ഒരു ലക്ഷത്തി അറുപതിനായിരം ചതുരശ്ര അടിയിലാണ് പുതിയ ഐ.പി കെട്ടിടം നിര്‍മ്മിക്കുന്നത്. 374 കിടക്കകളുള്ള ഐ.പി ബ്ലോക്കാണ് യഥാര്‍ഥ്യമാക്കുക. 8 നിലകളിലായി ഒരുക്കുന്ന കെട്ടിടത്തില്‍ 6 ഓപ്പറേഷന്‍ തിയേറ്ററുകളും ഒരു മിനി ഓപ്പറേഷന്‍ തീയേറ്ററും 14 ഐസിയു ബെഡുകളും ഉണ്ടാകും. ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, റേഡിയേഷന്‍, ഫാര്‍മസി തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാകും പുതിയ ഐ.പി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.ജനറല്‍ ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) ആണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.ജനറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ന്യൂറോ സര്‍ജനെ നിയമിക്കുന്നതിനും തീരുമാനമായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സഹകരണത്തോടെ പുതിയ ന്യൂറോ സര്‍ജനെ നിയമിക്കും. ജൂണ്‍ 16 മുതല്‍ ന്യൂറോ സര്‍ജറിയും ആരംഭിക്കും. ഈ വര്‍ഷം മുതല്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്ന വിധത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കും.ഉദ്ഘാടനത്തിന് സജ്ജമായ പുതിയ കാന്‍സര്‍ കെയര്‍ ബ്ലോക്കിലേക്ക് 15 നഴ്‌സിംഗ് ഓഫീസര്‍, 15 ശുചീകരണ തൊഴിലാളികള്‍, മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെ നിയമിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പുരോഗമിക്കുന്ന ഒ.പി കൗണ്ടര്‍, വെയ്റ്റിംഗ് ഏരിയ, പ്രവേശന കവാടം, റിസപ്ഷന്‍ കൗണ്ടര്‍ തുടങ്ങിയവ നവീകരിക്കുന്നതിന് അധികമായ തുക ആശുപത്രി വികസന സമിതി ഫണ്ടില്‍നിന്നും ചെലവഴിക്കും. ഒരു കോടി ഒമ്പത് ലക്ഷം രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്. 50 ലക്ഷം രൂപയാണ് എം.പി ഫണ്ട് അനുവദിച്ചിരിക്കുന്നത്.കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) വഴി ലഭ്യമാക്കാന്‍ സാധിക്കാത്ത വിലയേറിയ മരുന്നുകള്‍ രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് ആശുപത്രി പരിസരത്ത് കമ്മ്യൂണിറ്റി ഫാര്‍മസി ആരംഭിക്കാനും തീരുമാനമായി. അടിസ്ഥാന ദിവസവേതനം 625 രൂപയായും സര്‍വീസില്‍ നിന്ന് വിരമിച്ച താല്‍ക്കാലിക ജീവനക്കാരുടെ ദിവസവേതനം 500 രൂപയായും ഉയർത്തിയത് ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും.കാലപ്പഴക്കംചെന്ന പീഡിയാട്രിക് വാര്‍ഡിന്റെ നവീകരണം, പീഡിയാട്രിക് വാര്‍ഡിനോട് ചേര്‍ന്ന് കുട്ടികളുടെ കളിസ്ഥലം, ഓക്‌സിജന്‍ പ്ലാന്റിന്റെ മേല്‍ക്കൂര മാറ്റി പുതിയത് സ്ഥാപിക്കല്‍, ഡക്ട് എ.സി സ്ഥാപിച്ചു നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന് 5000 രൂപ വാടക നിശ്ചയിക്കല്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ തസ്തികയില്‍ കൂടുതല്‍ നിയമനം, സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കല്‍, മെയ് 31 ന് അവസാനിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കാലാവധി നീട്ടി നല്‍കല്‍ എന്നിവയ്ക്കും ആശുപത്രി വികസന സമിതി യോഗം അംഗീകാരം നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *