മാലിന്യ ശേഖരണം സുഗമമാക്കാന്‍ പാലക്കാട് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇലക്ട്രിക് വാഹനം കൈമാറി. ശുചിത്വ മിഷന്, ഗ്രാമപഞ്ചായത്ത് ഫണ്ടുകളില്‍ നിന്നായി 4.5 ലക്ഷം രൂപയ്ക്കാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങി നല്‍കിയത്. സേനാംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് ഗുഡ്സ് ഓട്ടോറിക്ഷ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി കൈമാറി. ഗ്രാമപഞ്ചായത്തിന് കീഴില്‍ 17 വാര്‍ഡുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് 40 അംഗ ഹരിതകര്‍മ്മ സേനയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒരു പ്രധാന എം.സി.എഫും 17 മിനി എം.സി.എഫുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മാലിന്യ ശേഖരണം, സംസ്കരണം എന്നിവ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ് മുഖേന വിവരശേഖരണം നടത്തുന്നതിന് ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ ക്യൂ.ആര് കോഡ് പതിപ്പിക്കല്‍ നടന്നുവരികയാണ്. ഓരോ വീട്ടില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും മനസിലാക്കാന്‍ ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും. എല്ലാ വീടുകളിലും ക്യൂ.ആര് കോഡ് സ്ഥാപിച്ച് മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്.