പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും : മുഖ്യമന്ത്രി

Spread the love

പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ് ജില്ലകൾക്കുള്ള ഡ്രോൺ വിതരണം, സോഫ്റ്റ്‌വെയർ ലോഞ്ചിംഗ് എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ച് ആധുനികവൽക്കരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് ഗവൺമെന്റ് നിലപാട്. ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് പോലീസ് സേനയുടെ മികച്ച ചുവടുവെയ്പ്പാണ്.

ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും ടെക്‌നിക്കൽ വിവരങ്ങളുടെ പരിശോധനകൾക്കുമായാണ് കേരള പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്. ഡ്രോണുകളുടെ ഉപയോഗിക്കുന്നതോടൊപ്പം ആന്റി ഡ്രോൺ സിസ്റ്റം ഫല പ്രദമായി ഉപയോഗിക്കാനും ഡ്രോൺ ഫോറൻസിക് ലാബിന് കഴിയും. പ്രസ്തുത പദ്ധതികളുടെ ഗുണഫലങ്ങൾ താഴെ തലത്തിലും എത്തിക്കണം എന്നതിനാലാണ് പോലീസ് ജില്ലകൾക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്നത്. ഡ്രോൺ പറത്തുന്നതിനായി 25 പേർക്ക് പൈലറ്റ് പരിശീലനവും 20 പേർക്ക് അടിസ്ഥാന പരിശീലനവും നൽകി.

പരിശീലനം ലഭിച്ചവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതോടൊപ്പം ഈ മേഖലയിലെ അറിവുകൾ സഹപ്രവർത്തകരുമായി പങ്കുവെക്കുകയും വേണം. ഡ്രോണുകളിൽ നിന്നും ബ്രാൻഡിംഗ് തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കൽ, നിർമാണ സവിശേഷതകൾ വീണ്ടെടുത്ത് വിശകലനം ചെയ്യൽ എന്നിവക്കായാണ് ഡ്രോൺ X എന്ന ഡ്രോൺ ഫോറൻസിക് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ട് മികച്ച ശേഷിയിലേക്കുയരാൻ ഓരോ സേനാംഗവും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഡ്രോൺ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഡി ജി പി – ഹെഡ്ക്വാർട്ടേഴ്‌സ് കെ പദ്മകുമാർ സ്വാഗതം ആശംസിച്ചു. സൈബർ ഡോം നോഡൽ ഓഫീസർ പി പ്രകാശ് നന്ദി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *