പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
അഴിമതി ക്യാമറ ഇടപാടിനെ ന്യായീകരിക്കുന്ന വ്യവസായ മന്ത്രിയോട് 7 ചോദ്യങ്ങള്‍; വന്യജീവി വിഷയത്തില്‍ ബിഷപ്പുമാര്‍ പ്രകടിപ്പിക്കുന്നത് ജനങ്ങളുടെ ആശങ്ക.
കൊച്ചി : രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് കാര്‍ഡ് കാപട്യം നിറഞ്ഞതും വാസ്തവ വിരുദ്ധവുമാണ്. 2016 മുതല്‍ 2021 വരെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണവും പാലിച്ചെന്നാണ് തെരഞ്ഞെടുപ്പില്‍
പ്രചരിപ്പിച്ചത്. എന്നാല്‍ അതില്‍ നൂറെണ്ണം പോലും പാലിച്ചില്ല. നടപ്പാക്കിയ വാഗ്ദാനങ്ങള്‍ ഏതൊക്കെയെന്ന് തെളിയിക്കാന്‍ എല്‍.ഡി.എഫ് നേതാക്കളെ അന്ന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അതിനോട് പോലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. വിശദമായ പരാമര്‍ശങ്ങള്‍ സൂഷ്മതയോടെ ജനങ്ങള്‍ വായിക്കില്ലെന്ന പൊതുബോധത്തില്‍ നിന്നു കൊണ്ടാണ് ഇപ്പോഴത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചിരിക്കുന്നത്.
സംരംഭങ്ങളിലൂടെ 3 ലക്ഷത്തിലധികം പേര്‍ക്ക് ജോലി കൊടുത്തെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. സംരംഭങ്ങള്‍ സംബന്ധിച്ച വ്യവസായ മന്ത്രിയുടെ അവകാശവാദത്തെ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. ബാങ്ക് വായ്പ എടുത്തിരിക്കുന്നവരുടെയും തദ്ദേശവകുപ്പില്‍ സ്ഥാപന
ലൈസന്‍സിനായി അപേക്ഷ നല്‍കിയവരുടെയും പേര് വിവരങ്ങള്‍ ശേഖരിച്ച് അതെല്ലാം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സംരംഭങ്ങളാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയാണ്. മലപ്പുറത്ത് 60 വര്‍ഷം മുന്‍പ് തുടങ്ങിയ ആശുപത്രിയുടെ ലൈസന്‍സ് അടുത്ത തലമുറയിലുള്ള ആളുടെ പേരിലേക്ക് മാറ്റിയപ്പോള്‍ അതും സര്‍ക്കാരിന്റെ പുതുസംരംഭത്തില്‍ ഉള്‍പ്പെട്ടു. വിദേശത്ത് നിന്ന് മടങ്ങി വന്നവര്‍ തുടങ്ങിയ സംരംഭങ്ങളും സ്വന്തം പേരില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മേനി നടിക്കുന്നത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ആഭ്യന്തര വകുപ്പിലെ ചേരിപ്പോരിന്റെ ഇരയായാണ് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. സമരം ചെയ്തതിനും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്ഷേപിച്ചു. എന്നാല്‍ സമരത്തിന്
കാണമായി ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളില്‍ മറുപടി നല്‍കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. ആരോപണങ്ങള്‍ തെറ്റാണെന്നത് ആര്‍ക്കും പറയാവുന്ന മറുപടിയാണ്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് രേഖകളുടെ പിന്‍ബലത്തിലാണ് ആരോപണം ഉന്നയിച്ചത്. എന്നിട്ടും ഇന്നലെയും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ച് സമരം ചെയ്യുന്നുവെന്നതാണ് അടുത്ത ആക്ഷേപം. പിണറായി വിജയനാണ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. ആ ധാരണയുള്ളതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികളൊന്നും കേരളത്തിലേക്ക് അന്വേഷണത്തിന് വരാത്തത്.