ഭരണവര്‍ഗ പ്രതികാരത്തിന്റെ രക്തസാക്ഷിയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി. കെപിസിസി ആസ്ഥാനത്ത് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഭീകര പ്രസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവുമധികം ഭീഷണി നേരിട്ടുകൊണ്ടിരുന്ന രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ എസ്പിജി സംരക്ഷണം എടുത്തുകളഞ്ഞതാണ് ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന്റെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഭരണവര്‍ഗം അത്തരം ഒരു നടപടി സ്വീകരിച്ചത് എന്തിനായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ല.ബിജെപി പിന്തുണയോടെ അന്ന് അധികാരത്തിലിരുന്ന വിപി സിംഗ് സര്‍ക്കാരിനും ബിജെപിക്കും ഈ പാപക്കറ മായിച്ചു കളയാനാകുമോയെന്നും സുധാകരന് ചോദിച്ചു.
സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി തുടങ്ങിയവര്‍ക്കുള്ള എസിപിജി സംരക്ഷണം ഇപ്പോള്‍ മോദി സര്‍ക്കാരും എടുത്തുകളഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് സിആര്‍പിഎഫ് സംരക്ഷണം നല്കിയാല് മതിയെന്നാണ് മോദിയുടെ തീരുമാനം. എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ ഔദ്യാഗികവസതിയില്‍ നിന്ന് ഇറക്കി വിടുകയും അദ്ദേഹത്തിന്റെ എംപിസ്ഥാനം ഇല്ലാതാക്കുകയും എസ്പിജി സംരക്ഷണം എടുത്തുകളയുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും സുധാകരന് പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെയുള്ള രാജീവ് ഗാന്ധിയുടെ വികസന കാഴ്ചപാട് രാജ്യത്തിന്റെ പുരോഗതിക്ക് കരുത്ത് നല്കി. സാമ്പത്തിക രംഗത്ത് ഉദാരവത്കരണം നടപ്പാക്കിയതും ടെലികോം-ഡിജിറ്റല്‍ വിപ്ലവം, പഞ്ചായത്ത് നഗരപാലിക ബില്ല്, തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നടപ്പാക്കിയത് ഉള്‍പ്പടെയെല്ലാം അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്തുകാട്ടുന്നതാണ്.
സഹജീവികളോടും കഷ്ടത അനുഭവിക്കുന്ന പാവങ്ങളായ സാധരണക്കാരോടും കരുണയും അനുകമ്പയും വെച്ചുപുലര്‍ത്തിയ നേതാവാണ് രാജീവ് ഗാന്ധി. കേരളത്തിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനസമയത്ത് അതിന് താന്‍ നേര്‍സാക്ഷിയാണ്. തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ ഭാഗമായി അദ്ദേഹം വധിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെത്തിയപ്പോള്‍ സിപിഎം കൊലപ്പെടുത്തിയ വസന്തന് കാപ്പാടിന്റെ മാതാവ് അവരുടെ സാമ്പത്തിക പ്രയാസം രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ആ അമ്മയ്ക്കുള്ള സാമ്പത്തിക സഹായം അനുവദിച്ച് കൊണ്ട് അറിയിപ്പ് വന്നത് ഇന്നും എന്റെ ഓര്‍മ്മയില്‍ മായാതെ നില്ക്കുന്നു. രാജീവ് ഗാന്ധിയെന്ന മനുഷ്യസ്നേഹിയെ ഓര്‍ത്തെടുക്കാന്‍ തന്നെപ്പോലെ പലര്‍ക്കും ആരും ശ്രദ്ധിക്കാതെപ്പോയ ഇത്തരം നിരവധി അനുഭവങ്ങള്‍ ഉറപ്പായും ഉണ്ടാകുമെന്നും സുധാകരന് പറഞ്ഞു.
രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അധികാര രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിനും സമാധാനത്തിനുമാണ്. ദേശസ്നേഹം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അദ്ദേഹം പ്രകടിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപ അന്തരീക്ഷം ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണ്. പഞ്ചാബ്,അസ്സാം,മിസ്സോറാം തുടങ്ങിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നഷ്ടമായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ അതിന് അപമാനമാണ് ഇന്നത്തെ ബിജെപിയുടെയും മോദിയുടെയും ഭരണം. ജനങ്ങള്‍ക്ക് ഇടയില്‍ അനൈക്യം വര്‍ധിപ്പിച്ച് അവരെ മതത്തിന്റെയും ജാതിയുടെയും ഗോത്രത്തിന്റെയും പേരില്‍ വര്‍ഗീയവത്കരിച്ച് സംഘര്‍ഷമുണ്ടാക്കി അധികാരം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യം തകര്‍ന്നാലും അധികാരം മതിയെന്നാണ് ബിജെപിയുടെ നയം. സമ്പന്നരെ സൃഷ്ടിക്കാനായിരുന്നില്ല രാജീവ് ഗാന്ധിയുടെ ഭരണം, സമസ്ത മേഖലയിലേയും ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നെന്നും ആന്റണി പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് ഭീകരവിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന് സ്വാഗതവും ജി.എസ്.ബാബു നന്ദിയും പറഞ്ഞു.രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്, വി.പി.സജീന്ദ്രന്,വി.ജെ.പൗലൗസ്,മരിയാപുരം ശ്രീകുമാര്‍,കെ.പി.ശ്രീകുമാര്‍, മുന്‍മന്ത്രിമാരായ എപി അനില്‍കുമാര്‍,വി.എസ്.ശിവകുമാര്‍,രഘുചന്ദ്രബാല്‍, നേതാക്കളായ ശരത്ചന്ദ്രപ്രസാദ്,നെയ്യാറ്റിന്‍കര സനല്‍,ചെറിയാന് ഫിലിപ്പ്,മണക്കാട് സുരേഷ്,വര്‍ക്കല കഹാര്‍,കെ.മോഹന്‍കുമാര്‍,കരകുളം കൃഷ്ണപിള്ള, ഡോ.ആരിഫ, സിമി റോസ് ബെല്‍ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.