മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ തീപിടുത്തം അഴിമതിയുടെ തെളിവ് നശിപ്പിക്കാൻ – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിന്റെ വാർത്താക്കുറിപ്പ്

തിരുവനന്തപുരം : അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ

(കെ.എം.എസ്.സി.എൽ) അഴിമതിയുടെ തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡനീക്കങ്ങളാണ് നടക്കുന്നത്. കോവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകൾ നടന്ന കെ.എം.എസ്.സി.എല്ലിൽ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. ലോകായുക്തയും, എ.ജിയും സർക്കാരിന്റെ സാമ്പത്തിക പരിശോധന വിഭാഗവും ഉൾപ്പെടെ അന്വേഷണം നടത്തുമ്പോഴാണ് വീണ്ടും കോടികളുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുന്നത്

രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നത്. കോവിഡ് കാലത്ത് ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതിൻ്റെ മറവിൽ നടത്തിയ അഴിമതിയ്ക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നൽകിയതെന്നതിന്റെ രേഖകൾ പുറത്തുവന്നതാണ്. കോവിഡ് കാലത്ത് വാങ്ങിയ സാധനങ്ങൾ അടക്കം കത്തി നശിക്കുമ്പോൾ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും രക്ഷിക്കാനുള്ള ശ്രമമാണെന്ന് വേണം കരുതാൻ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കെ.എം.എസ്.സി.എൽ ഗോഡൗണുകൾക്ക് തീപിടിച്ചതിലൂടെ അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് വ്യക്തം. തീപിടിച്ച
ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ പോലും അഴിമതിയുണ്ടെന്നാണ് മനസിലാകുന്നത്. ക്ലോറിൻ അളവ് 30 ശതമാനമുള്ള ബ്ലീച്ചിങ് പൗഡർ വാങ്ങാനാണ് ആദ്യ ടെൻഡർ ക്ഷണിച്ചത്. എന്നാൽ തീപിടിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡറിന്റെ വീര്യം 60 ശതമാനത്തിൽ കൂടുതലാണെന്നാണ് വിവരം.
ടെൻഡർ ഇല്ലാതെ വാങ്ങിയ ബ്ലീച്ചിങ് പൗഡറാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്. തെളിവ് നശിപ്പിക്കാൻ ബോധപൂർവം ഇവ സംഭരിച്ചു വച്ചതാണോയെന്ന സംശയവുമുണ്ട്.
ചൂട് കൂടിയാണ് കത്തുന്നതെങ്കിൽ ചൂട് ഏറ്റവും കുറഞ്ഞ രാത്രി മാത്രം ബ്ലീച്ചിങ് പൗഡർ കത്തുന്നതെങ്ങിനെ? കാലപ്പഴക്കം ചെല്ലുന്തോറും ക്ലോറിന്റെ അളവ് കുറയുമെന്നതാണ് വസ്തുത. അങ്ങിനെയെങ്കിൽ വാങ്ങിയ സമയത്ത് കത്താതെ ഇപ്പോൾ കത്തുനന്നതെങ്ങിനെ? തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡർ മടക്കി നൽകാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത്. മുൻ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുടെയും അറിവോടെ നടന്ന അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാൻ നടക്കുന്ന വലിയ ഗൂഡാലോചനയാണ് തീപിടിത്തത്തിന് പിന്നിൽ.

 

Author

Leave a Reply

Your email address will not be published. Required fields are marked *