ലോകകേരള സഭ : രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്

Spread the love

ലോക കേരള സഭ കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കോ പ്രവാസികള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം ഞങ്ങള്‍ ബഹിഷ്‌കരിച്ചതാണ്. ആദ്യത്തെ ലോക കേരള സഭയില്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളതാണ്, അന്ന് ഞാന്‍ പ്രതിപക്ഷ നേതാവും വൈസ് ചെയര്‍മാനുമാണ് , തുടര്‍ന്നുള്ള നടപടികള്‍ പരിശോധിച്ചപ്പോഴാണ് ഇതൊരു ധൂര്‍ത്താണ്, വരേണ്യവര്‍ഗ്ഗത്തിനു വേണ്ടിയുള്ള ഏര്‍പ്പാടാണ് എന്ന് മനസിലായത്. അത് കൊണ്ടാണ് ഇത് ബഹിഷ്‌കരിക്കാന്‍ രണ്ട് വര്‍ഷമായി ഞങ്ങള്‍ തീരുമാനിച്ചത്.

ഇപ്പോള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ പോകുകയാണ് , അമേരിക്കയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണണമെങ്കില്‍ പണം കൊടുക്കണമെന്നും പറയുന്നു ഇത് എന്ത് ഏര്‍പ്പാടാണ്?
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുത്ത് ഇരിക്കണമെങ്കില്‍ പണം കൊടുക്കണമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥമെന്താണ്?

മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കണമെങ്കില്‍ പണം കൊടുക്കണമെന്ന് പറയുന്നു ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലേ ?
എന്താണ് ഇവിടെ നടക്കുന്നത്? പൂച്ച പാല് കുടിക്കുന്നത് പോലെ ഒന്നുമറിയാത്തത് പോലെ തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നത്, അതിന്റെ പ്രതിഷേധമാണ് ഏ.കെ.ബാലനുള്ളത്. ഇവിടെ പ്രവാസി ലോകത്തിന് ഇതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശപര്യടനം കൊണ്ട് എന്തു പ്രയോജനമാണ് കേരളത്തിനുണ്ടായിട്ടുള്ളത് ? ലോക കേരള സഭ കൊണ്ട് എന്ത് പ്രയോജനമുണ്ടായി. അപ്പോള്‍ ധനികരായ വരേണ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന ഇത്തരം റീജിയണല്‍ കോണ്‍ഫ്രന്‍സുകള്‍ കൊണ്ട് ഒരു ഗുണവും സാധാരണ പ്രവാസികള്‍ക്കുണ്ടാകുന്നില്ല. കേരളീയര്‍ക്കുണ്ടാകുന്നില്ല. തന്നെയുമല്ല ഈ പിരിവ് ആര് പറഞ്ഞിട്ടാണ് നടക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് എന്ന് പറയുന്നത് ഒരു ഓമനപ്പേരാണ് . ബക്കറ്റ് പിരിവ് നടത്തി പരിചയമുള്ളയാളുകള്‍ അതിന്റെ ഒരു റിഫൈന്‍ഡ് ഫോമെന്നനിലയില്‍ നടത്തുന്ന പിരിവിനെയാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്ന് പറയുന്നത്. ഇങ്ങിനെ പണം പിരിച്ച് ധൂര്‍ത്തടിക്കാന്‍ ആര് അനുവാദം കൊടുത്തു ? ഇത് ശരിയാണോ? കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാന്‍ ആളുകള്‍ പണം കൊടുക്കണമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് ശരിയാണോ ? ഞങ്ങളൊക്കെ ടൈം സ്‌ക്വയറില്‍ പോയിട്ടുള്ളവരാണ്, ടൈം സ്‌ക്വയര്‍ വൈകുന്നേരം എല്ലാ ആളുകളും പോകുന്ന സ്ഥലമാണ് ആയിരക്കണക്കിനാളുകള്‍ വന്നിരിക്കുന്ന സ്ഥലമാണത്, അവിടെ സമ്മേളനം നടത്തുന്നു പറഞ്ഞാല്‍ ഒന്നും മനസിലാകുന്നില്ല. ഇതെന്താണ് ഇവിടെ നടക്കുന്നത്? ഇതെല്ലാം ധൂര്‍ത്തും അഴിമതിയുമാണ് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാത്തത് കൊണ്ട് നാട്ടുകാരുടെ പണം പിരിച്ച് ഇത് നടത്തുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. ഇത്തരം ചെയ്തികള്‍ കൊണ്ട് നാടിനെന്തു ഗുണം എന്നാണ് നാം ചിന്തിക്കേണ്ടത്. അത് കൊണ്ട് മുഖ്യമന്ത്രി ഇതില്‍ നിന്നും പിന്മാറണം, സ്‌പോണ്‍സര്‍ഷിപ് അവസാനിപ്പിക്കണം , മുഖ്യമന്ത്രി അറിയാതെ ഇത്തരം പിരിവുകള്‍ നടക്കില്ലല്ലോ, ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തിരുന്ന് ധാരാളം ധൂര്‍ത്ത് നടത്തിയയാളാണ്. ഇപ്പോള്‍ നോര്‍ക്ക കൂടി കിട്ടിയപ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലുള്ള പിരിവുകൂടി തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ലോക കേരള സഭ ബഹിഷ്‌കരിച്ചത്, ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ നിന്നുണ്ടാകും , മുഖ്യമന്ത്രി ഒരു രാജ്യത്ത് ചെന്നാല്‍ അദ്ദേഹത്തെ കാണുന്നതും ഫോട്ടോ എടുക്കുന്നതും തെറ്റല്ല. അതിനെല്ലാം പണം കൊടുക്കണമെന്ന് പറയുന്നതാണ് മനസിലാകാത്തത് .രമേശ് ചെന്നിത്തല പറഞ്ഞു

 

Author

Leave a Reply

Your email address will not be published. Required fields are marked *