പ്രതാപമേട് കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങി

Spread the love

ഇടുക്കി ജില്ലയിലെ പ്രതാപമേട് കോളനിയില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. പ്രാദേശിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്ത് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പ്രതാപമേടിന്റെ പ്രതാപം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതാപമേട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷത വഹിച്ചു. വിദൂരമായ മലഞ്ചരുവില്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് പ്രതാപമേട്. എം.എം മണി എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നും നെടുങ്കണ്ടം ബ്ലോക്കിലെ സേനാപതി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രതാപമേട് എസ് സി കോളനി പദ്ധതി നിര്‍വ്വഹണത്തിനായി തിരഞ്ഞെടുത്തത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 38 കുടുംബങ്ങള്‍ ഉള്‍പ്പെടെ 47 കുടുംബങ്ങളാണ് കോളനിയില്‍ അധിവസിക്കുന്നത്.
പ്രതാപമേട് കോളനിക്കകത്തുള്ള റോഡ്, ആശയവിനിമയ സൗകര്യം, കുടിവെള്ള സൗകര്യം, ഭവന പുനരുദ്ധാരണം, വൈദ്യുതീകരണം, സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം, വൃദ്ധസദനത്തിന്റെ നവീകരണം, ഏഴ് സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 96,76,601 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കോണ്‍ട്രാക്ടര്‍മാരോ പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയോ ഇല്ലാതെ നിര്‍മിതി കേന്ദ്രം നേരിട്ടാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *