വൈപ്പിൻ മേഖലയിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 63ലെ പൊതു ടാപ്പിൽ നിന്നും രാത്രികാലങ്ങളിൽ വാണിജ്യ ആവശ്യത്തിനായി കുടിവെള്ളം വ്യാപകമായി മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ രാത്രികാല പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് കൊച്ചി താലൂക് വികസന സമിതി. കൊച്ചി താലൂക്ക് തഹസിൽദാർ സുനിത ജേക്കബിന്റെ ചേമ്പറിൽ ചേർന്ന ജൂൺ മാസത്തിലെ അവലോകന യോഗത്തിലാണ് അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചത്.
സ്കൂൾ തുറന്ന സാഹചര്യത്തിൽ ടിപ്പർ ലോറികളുടെ ഗതാഗതം രാവിലെ 8.30 മുതൽ പത്തു വരെയും വൈകിട്ട് നാലു മുതൽ അഞ്ചു വരെയും നിയന്ത്രിക്കണം. സപ്ലൈകോയുടെ കൊച്ചി താലൂക്ക് ഡിപ്പോയുടെ കീഴിലുള്ള വിവിധ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കൾ വ്യാപകമായി തിരിമറി നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്നും യോഗം നിർദേശിച്ചു.