പ്രവാസികൾക്കായി വിപുലമായ പദ്ധതികൾ നടപ്പാക്കി സംസ്ഥാന സർക്കാർ

Spread the love

പ്രവാസികൾക്കായി കേരള സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചു. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നിലവിലുള്ള പുനരധിവാസ പദ്ധതികൾക്കു പുറമെ കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി ‘പ്രവാസി ഭദ്രത’ എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്നവയാണ് നോർക്കയുടെ സമാശ്വാസ പദ്ധതികൾ. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600 ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപയാണ് ചിലവഴിച്ചത്.
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താൻ നടത്തുന്ന ഇടപെടലുകൾ. നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി യൂറോപ്പിൽ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ നോർക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്. അന്തർദേശീയ തലത്തിൽ വളർന്നുവരുന്ന വിദേശ തൊഴിൽ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികൾ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തിൽ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾക്കുവേണ്ട വികസനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ഇതുപകരിക്കും.

കേരള സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുവായും പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ സവിശേഷമായും പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേൾക്കുന്നതിനും നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീകരിച്ചിരിക്കുന്നത്.

പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങൾക്കും രാജ്യങ്ങൾക്കും ഉള്ള മാതൃകയായി ലോക കേരളസഭയെ ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും എന്നു കൂടി ഈ ഘട്ടത്തിൽ സൂചിപ്പിക്കട്ടെ. അതിനുതകുന്ന വിധത്തിൽ ഓരോ മേഖലയിലുമുള്ള പ്രവാസികളും പ്രവാസി സംഘടനകളും തരുന്ന നിർദ്ദേശങ്ങളെ വളരെ ഗൗരപൂർവ്വം സർക്കാർ പരിഗണിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *