ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യുറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിൽ ഒക്ലഹോമ സംസ്ഥാനത്തെ ബ്രോക്കന്‍ ബോയില്‍ മാർത്തോമ്മാ നേറ്റിവ് അമേരിക്കൻ മിഷന്റെ ഭാഗമായി സംഘടിപ്പിച്ച വെക്കേഷന് ബൈബിള്‍ സ്കൂൾ ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ 2013 ജൂണ്‍ 4 ന് മരണപ്പെട്ട പാട്രിക് മരുതുംമൂട്ടിലിന്റെ അണയാത്ത ഓർമ്മകളെ സ്മരിച്ച് നേറ്റിവ് അമേരിക്കൻ മിഷനും, സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയും ചേർന്ന് അനുസ്മരണ പ്രാർത്ഥന നടത്തി.
ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശികളായ ചെറിയാൻ ജെസ്സി ദമ്പതിമാരുടെ ഏക മകനും, ഡാളസിലെ സെന്റ്. പോൾസ് മാർത്തോമ്മാ ഇടവകാംഗവുമായിരുന്ന പാട്രിക് മരണപ്പെട്ടിട്ട് പത്ത് വർഷം പിന്നിട്ടതിന്റെ ഓർമ്മകളെ അനുസ്മരിച്ച് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശാനുസരണം സൗത്ത് വെസ്റ്റ് റീജിയൺ ആക്റ്റിവിറ്റി കമ്മറ്റിയുടെ വൈസ്. പ്രസിഡന്റ് റവ. ജോബി ജോൺ, റവ.അലക്സ് യോഹന്നാൻ, റവ. ഷൈജു സി. ജോയ്, റവ.ഷിബി എം.എബ്രഹാം, റവ.എബ്രഹാം തോമസ്, നേറ്റിവ് അമേരിക്കൻ മിഷൻ കോർഡിനേറ്റർ ഒ.സി എബ്രഹാം (ഫിലാഡൽഫിയ) എന്നിവർ അനുസ്മരണ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കഴിഞ്ഞ ഇരുപതിൽപരം വർഷങ്ങളായി ഒക്ലഹോമയിലെ ബ്രോക്കൻ ബോയിൽ പ്രവർത്തനം തുടരുന്ന ഭദ്രാസന നേറ്റീവ് അമേരിക്കൻ മിഷന്റെ നേതൃത്വത്തിൽ ഈ വർഷവും നടത്തപ്പെട്ട വെക്കേഷന് ബൈബിള്‍ സ്കൂളിനോട് അനുബന്ധിച്ചാണ് അനുസ്മരണ സമ്മേളനം ക്രമീകരിച്ചത്. പാട്രിക് മരുതുംമൂട്ടിലിന്റെ പിതാവിന്റെ സഹോദരി ഭർത്താവ് സണ്ണി ജോൺ, എബ്രഹാം മാത്യു, ജോർജ് മാത്യു, കെസിയ ചെറിയാൻ, ബെറ്റി ജേക്കബ്, ഫെയ്ത്ത് തുടങ്ങിയവർ സംസാരിച്ചു. ഡാളസിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധികരിച്ച് ആത്മായ നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുത്തു.