ഡിജിറ്റൽ ആവാം കുടുംബശ്രീയിലൂടെ: ഡ്രൈവ് പദ്ധതിക്ക് തുടക്കം.
മലപ്പുറം ജില്ലയിലെ ഒരു ലക്ഷം വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി. പി എൻ പണിക്കർ ഫൗണ്ടേഷൻ, സി എസ് സി ജില്ലാ ഓഫീസ് എന്നിവയുമായി ചേർന്നാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക തനത് പരിപാടിയായ ‘ഡ്രൈവ്’ നടപ്പാക്കുന്നത്.പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റൽ സാക്ഷരത അഭിയാന്റെ ഭാഗമായി ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 300 റിസോഴ്‌സ്‌പേഴ്‌സൺമാർ ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കി. 100ഓളം പഠന കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്.ജില്ലയിലെ സാധാരണക്കാരായ വനിതകൾക്ക് വിവര സാങ്കേതിക വിദ്യയുടെയും നവ മാധ്യമങ്ങളുടെയും ബാല പാഠങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ഓൺലൈൻ സർക്കാർ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഡിജിറ്റൽ സാങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വനിതകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ, പ്രായോഗിക പരിശീലനം, ഓൺലൈൻ പരീക്ഷ എന്നിവയിലൂടെയാണ് പഠിതാക്കളെ ഡിജിറ്റൽ സാക്ഷരരാക്കുന്നത്. വിജയിക്കുന്നവർക്ക് കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ സിർട്ടിഫിക്കറ്റ് നൽകും.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർമാരായ സി ആർ രാകേഷ്, സി ടി നൗഫൽ, ബ്ലോക്ക് കോർഡിനേറ്റർ കെ മുഹമ്മദ് സലീം, ഡിജിറ്റൽ സാക്ഷരതാ കോർഡിനേറ്റർ പി റിയാസ് മോൻ, വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 130 റിസോഴ്‌സ്‌പേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം പൂർത്തീകരിച്ചവർ അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാംഘട്ട രജിസ്‌ട്രേഷൻ പരിപാടികൾ പഞ്ചായത്ത് തലങ്ങളിൽ ആരംഭിക്കും.