അക്രമം തടയുന്നതിൽ സംസ്ഥാനസർക്കാരും കേന്ദ്ര ആഭ്യന്തരവകുപ്പും പൂർണ്ണ പരാജയം.
തിരു: ജനാധിപത്യത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത, പഴയ ഏകാധിപതികളുടെ സ്മരണ ഉണർത്തുന്ന ചെങ്കോലും കയ്യിലേന്തി രാജ്യത്തിന്റ അടിസ്ഥാനശിലകളെ തകർക്കുന്ന വര്‍ഗ്ഗീയ അഴിഞ്ഞാട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടുനില്‍ക്കുന്നത് അത്യന്തം ആപത്ക്കരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മണിപ്പുരില്‍ ക്രൈസ്തവര്‍ക്കെതിരേയും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും മുസ്ലീങ്ങള്‍ക്കെതിരേയും തുടരുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ ബിജെപിയും ബിജെപിയുടെ പിന്തുണയുള്ള വര്‍ഗ്ഗീയ സംഘടനകളുമാണ്.
ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ന്യൂനപക്ഷ വേട്ടയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. ഇത് അടിയന്തരമായി അവസാനിപ്പിച്ചേ തീരൂ.
നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാമ്പിനും കരുത്തിനും മുറിവേല്‍പ്പിക്കുന്ന ഫാഷിസ്റ്റു രാഷ്ട്രീയത്തിന് അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവുണ്ടാകുമോ എന്നതാണ് പ്രശ്നം.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയം ബിജെപി ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ അക്രമോല്സുക വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരേ സ്വീകരിച്ച അതിശക്തമായ നിലപാടിനു ജനങ്ങള്‍ നല്കിയ പിന്തുണയാണ് ആ വിജയം എന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ട്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2018ലെക്കാള്‍ മികച്ച വിജയം കോണ്‍ഗ്രസ് ഉറപ്പാക്കിക്കഴിഞ്ഞു എന്നും അവര്‍ക്കറിയാം. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ ഈ തേരോട്ടത്തെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ചെറുക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നിലയ്ക്കാത്ത അക്രമങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പുര്‍ സന്ദര്‍ശിച്ചു മടങ്ങിയ ശേഷവും അക്രമങ്ങള്‍ മുമ്പത്തേക്കാള്‍ ശക്തിയായി തുടരുന്നത് സംശയാസ്പദമാണ്. അക്രമം തടയുന്നതിൽ സംസ്ഥാന സർക്കാർ മാത്രമല്ല കേന്ദ്ര ആഭ്യന്തര വകപ്പും പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു.
അക്രമങ്ങളുടെ ഗുണഭോക്താക്കള്‍ ബിജെപിതന്നെയാണ്.
ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തിയും കൊന്നൊടുക്കിയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ ഭവനരഹിതരാക്കിയും ആര്‍ക്കു വേണ്ടിയാണ് ബിജെപിയും കൂട്ടരും ഈ അതിക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്.
രാജ്യത്തെ ഹിന്ദുക്കള്‍ക്കു വേണ്ടിയാണെങ്കില്‍ ബിജെപിയുടെ ദുഷ്ടബുദ്ധിയല്ല മതസൗഹാര്‍ദവും സ്നേഹവുമാണ് ഈ രാജ്യത്തെ ഹിന്ദുക്കളുടെ കൈമുതല്‍ എന്നോർക്കുന്നത് നന്നായിരിക്കും.
ന്യൂനപക്ഷങ്ങളുടെ സ്വസ്ഥ ജീവിതം നശിപ്പിക്കുന്ന വംശീയാതിക്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരെയും പിന്തിരിപ്പിക്കാന് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടാന്‍ ഇനിയും വൈകരുത്.
അതിനു വൈകുന്തോറും കൂടുതലാളുകള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ച ഉണ്ടാവുകയുമാണ്. അതുവച്ച് മുതലെടുക്കാനല്ല, ജനങ്ങളെ അടുപ്പിക്കാനാണ് ഭരണാധികാരികളും ഭരിക്കുന്ന പാര്‍ട്ടിയും ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.