ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം
കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്, പോലീസ് ഉന്നതതല ശില്പശാല.
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും അതിക്രമമുണ്ടായാല്‍
പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍ എന്നറിയപ്പെടുന്നത്. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്ക്കരിക്കുന്നത്. അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാല്‍ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോഡ് ഗ്രേ പ്രോട്ടോകോള്‍ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അതിക്രമങ്ങള്‍ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോള്‍ തയ്യാറാക്കുന്നത്. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലേയും പോലീസിലേയും വിദഗ്ധര്‍ പരിശോധിച്ച് കരടിന്മേലുള്ള ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. അതിക്രമങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കി. ഇതുകൂടാതെയാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍ തയ്യാറാക്കി വരുന്നത്. ഇത് വലിയ രീതിയില്‍ അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യുന്നതിനും സാധിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുക എന്നത് തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അതാത് ജില്ലകളിലെ ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റ് നടത്തിവരുന്നു. ഭൂരിപക്ഷം ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലേയും സാഹചര്യം വ്യത്യസ്ഥമായിരിക്കും. അടിസ്ഥാനപരമായി നിന്നുകൊണ്ട് സ്ഥാപന തലത്തിലുള്ള പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഐജി ഹര്‍ഷിത അട്ടല്ലൂരി, സിറ്റി പോലീസ് കമ്മീഷണല്‍ സി.എച്ച്. നാഗരാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.