തവനൂർ, വള്ളിക്കുന്ന് നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു

Spread the love

തീരദേശമേഖലയുടെ സാമൂഹിക പുരോഗതി സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻമലപ്പുറം ജില്ലയിലെ തവനൂർ, വള്ളിക്കുന്ന് നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. തീരദേശ അദാലത്തുകളിൽ ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ദ്രുതഗതിയിൽ തീർപ്പാക്കുന്നതിന് പ്രത്യേക പോർട്ടൽ ആരംഭിക്കും. ലഭിച്ച പരാതികളിൽ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർ വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.തീരദേശ മേഖലയിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾക്ക് പ്രത്യേകം മുൻഗണനാ ക്രമം നിശ്ചയിച്ച് മൂന്നു വർഷത്തിനകം എല്ലാ പരാതികളിലും പരിഹാരം കാണും. മത്സ്യ ബന്ധന, വിതരണ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ പ്രത്യേക നിയമം നടപ്പാക്കും. അപകട രഹിതമായ മത്സ്യ ബന്ധനത്തിനായി നടപടി സ്വീകരിക്കും. കടലിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനു വേണ്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രത്യേകം പദ്ധതി നടപ്പാക്കും. തീരദേശ പരിപാലന പ്ലാൻ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും. വറുതിക്കാലങ്ങളിൽ മേഖലയെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുവരാൻ മത്സ്യ ബന്ധനത്തോടൊപ്പം കുടുംബങ്ങളിൽ മറ്റൊരു തൊഴിൽ മേഖല കൂടി പടുത്തുയർത്താൻ പ്രത്യേകം പദ്ധതികൾ നടപ്പാക്കും. തീരദേശ മേഖലയിൽ നിന്നുള്ളവർക്ക് പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠനത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും സൗജന്യമായി ചെയ്തു നൽകുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ എല്ലാ തീരദേശ മണ്ഡലങ്ങിൽ നിന്നുമായി 40,000 പരാതികളും നിർദ്ദേശങ്ങളുമാണ് തീരദേശ സദസ്സിൽ ലഭിച്ചത്. ഇവ ദ്രുതഗതിയിൽ പരിഹരിക്കുന്നതിനായി പ്രത്യേകം പോർട്ടൽ ആരംഭിക്കും. ഓരോ അപേക്ഷയ്ക്കും കൃത്യമായ തീരുമാനം ഉണ്ടാവും. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ രണ്ടു മാസത്തിനകം തീർപ്പാക്കും. മറ്റു സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ രണ്ടു മാസത്തിനകം റിപ്പോർട്ട് തേടി ആറു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ തലത്തിൽ അവലോകന യോഗം ചേർന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

വള്ളിക്കുന്നിൽ ലഭിച്ചത് 175 പരാതികൾ.

തവനൂർ മണ്ഡലത്തിൽ ലഭിച്ചത് 327 പരാതികൾ327 പരാതികളാണ് തവനൂർ മണ്ഡലം തീര സദസ്സിൽ ലഭിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 109 പരാതികൾ ലഭിച്ചു. മറ്റ് സർക്കാർ വകുപ്പുമായി ബന്ധപ്പെട്ടതാണ് ബാക്കിയുള്ള പരാതികൾ. മതിയായ അധ്യാപകരില്ലാതെയും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തയിലും

പ്രവർത്തിക്കുന്ന പടിഞ്ഞാറേക്കര ജി.യു.പി സ്‌കൂളിലെ അധ്യാപകരെ നിയമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. കൂടാതെ സ്‌കൂളിലെ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും ഈ മാസം 14 ന് പി.ടി.എ വിളിച്ചു ചേർക്കാനും മന്ത്രി നിർദ്ദേശിച്ചു.റസിഡന്റ് ഡോക്ടർമാരില്ലാത്ത വെട്ടം സി.എച്ച്‌സിയിൽ 48 മണിക്കൂറിനുള്ളിൽ റസിഡന്റ് ഡോക്ടറെ നിയമിക്കാൻ ഡി.എം.ഒക്ക് നിർദ്ദേശം നൽകി. സി.ആർ.സെഡ് വിഷയത്തിൽ ആക്ഷേപങ്ങൾ അറിയിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് ചേർക്കാനും മന്ത്രി നിർദ്ദേശം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *