ധീര – ഷീ ഫൈറ്റ്; അതിക്രമങ്ങളെ നേരിടാൻ പെൺകുട്ടികളെ സ്വയം പ്രാപ്തരാക്കി എടക്കാട്ടുവയൽ

Spread the love

അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ച് എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്. ധീര – ഷീ ഫൈറ്റ് എന്ന പേരിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജാഗ്രതാ സമിതി ജെൻ്റർ റിസോഴ്സ് സെൻ്ററിന്റെ നേതൃത്വത്തിലാണ് കൗമാരക്കാരായ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധം പരിശീലന പരിപാടി ഒരുക്കിയത്.

പെൺകുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അവയെ സ്വയം പ്രതിരോധിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന് കീഴിൽ പദ്ധതി നടപ്പിലാക്കിയത്. കൂടാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുക, ശാരീരിക-മാനസിക കരുത്ത് ആര്‍ ജിക്കുന്നതിന് പ്രാപ്തരാക്കുക, മനോധൈര്യത്തോടെ പ്രതിസന്ധികളെ നേരിടുക എന്നീ ലക്ഷ്യങ്ങളും പദ്ധതിയിലുണ്ട്.

കേരള പോലീസിലെ എറണാകുളം റൂറൽ ജില്ലാ വിഭാഗത്തിലെ ട്രെയിനർമാരായ എം കെ സിന്ധു, എം എം അമ്പിളി, കെ എൻ ബിജി എന്നിവരാണ് പെൺകുട്ടികൾക്ക് പരിശീലനം നൽകിയത്. 115 പെൺകുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി പീറ്റർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ്, മെമ്പർമാരായ സി എ ബാലു, ഷേർളി രാജു, ലിസി സണ്ണി, ബീന രാജൻ, എം എസ് സുജിത്ര, സിഡിഎസ് ചെയർപേഴ്സൺ നിഷിത സന്തോഷ്, ജെൻഡർ റിസോഴ്സ് സെൻ്റർ കോ – ഓഡിനേറ്റർ ഗ്ലെയ്മി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *