ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിനും കോൺഗ്രസിനും അപരിഹാര്യമായ നഷ്ടം : കെ.സി. വേണുഗോപാൽ എം പി

Spread the love

പൊതുപ്രവര്‍ത്തനരംഗത്ത് ആമുഖങ്ങളും വിശേഷണങ്ങളും ഇല്ലാതെ ജനകീയ അടിത്തറ ശക്തിപ്പെടുത്തിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് ഒരിക്കലും നികത്താൻ കഴിയുന്നതല്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങൾക്കായി അഹോരാത്രം പണിയെടുത്ത ജനകീയനായ നേതാവാണ് ഉമ്മൻചാണ്ടി. കേരളത്തിന്റെ ഭരണ നിർവഹണ ചരിത്രത്തിൽ ഇത്രയേറെ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു ഭരണാധികാരിയില്ല. അദ്ദേഹത്തിൻറെ വിയോഗത്തിൽ അഗാധമായ ദുഃഖം എ.ഐ.സി.സിക്ക് വേണ്ടി രേഖപ്പെടുത്തുന്നതായും കെ.സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തന പാരമ്പര്യമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ഒരിക്കലെങ്കിലും ഉമ്മന്‍ചാണ്ടിയെ പരിചയപ്പെട്ടവര്‍ക്കും സംസാരിച്ചവര്‍ക്കും സ്വന്തം കുടുംബത്തിലെ ഒരാളെ കേള്‍ക്കുന്നതുപോലെയുള്ള ഒരിഷ്ടം അദ്ദേഹത്തോട് ഉണ്ടാകും. അത്രയേറെ സൗമ്യമായ പെരുമാറ്റം. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന എളിമയാര്‍ന്ന വ്യക്തിപ്രഭാവം. അമ്പതാണ്ട് നിയമസഭയില്‍ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യ നേതാവ് കൂടിയാണ് ഉമ്മന്‍ചാണ്ടി.

കേരള രാഷ്ട്രീയത്തിലെ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒന്ന്. സ്വഭാവസവിശേഷതകളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവ്. കെ.എസ്‌.യുവിലുടെ പൊതുപ്രവര്‍ത്തന രംഗത്ത് സാന്നിധ്യമറിയിച്ച ഉമ്മന്‍ ചാണ്ടി ചടുലമായ നീക്കങ്ങളുമായി അതിവേഗം ബഹുദൂരം കര്‍മ വീഥിയില്‍ തിളങ്ങി. ഭരണാധികാരി, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ ഉമ്മന്‍ ചാണ്ടിയുടേത് സ്തുത്യര്‍ഹമായ സേവനമാണ്. രാഷ്ട്രീയ നിലപാടുകളില്‍ ദൃഢനിശ്ചയത്തോടെ തീരുമാനം എടുക്കാന്‍ ആര്‍ജ്ജവമുള്ള പൊതുപ്രവര്‍ത്തകന്‍. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിനേയും അചഞ്ചലമായ മനസ്സോടെ അദ്ദേഹത്തിന് അതിജീവിക്കാനായത് ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച ഊര്‍ജ്ജമാണ്. ജനക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ പൊതുജീവിതം തന്നെയായിരുന്നു രാഷ്ട്രീയ പ്രതിസന്ധികളിലും അദ്ദേഹത്തിന് ആശ്വാസവും പിന്തുണയും ആയിത്തീര്‍ന്നത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. വികസനവും കരുതലും ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റെത്. കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ തലയെടുപ്പോടെ കേരളത്തിന്റെ വികസനപാതയില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ഓരോന്നിലും ഉമ്മന്‍ചാണ്ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്നി നിലകളില്‍ പാർട്ടിയിലും മുന്നണി സംവിധാനത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. തൊഴില്‍,ആഭ്യന്തരം,ധനം തുടങ്ങിയ വകുപ്പുകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്. 33-ാം വയസില്‍ തൊഴില്‍ മന്ത്രിയായ ഉമ്മന്‍ ചാണ്ടി, 15 ലക്ഷം തൊഴില്‍ രഹിതര്‍ക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയതും ചരിത്രമെഴുതുകയും ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് യൂണിഫോം പരിഷ്‌കരിച്ചതും ധനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നൂറുകോടിയോളം കമ്മിയായിരുന്ന ഖജനാവിനെ മൂന്നുവര്‍ഷംകൊണ്ട് മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യങ്ങളില്‍ ചിലതു മാത്രമാണ്.

ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും ആവലാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പര്‍ക്ക പരിപാടി. കേരള രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.

നിയമസഭയിലും പാർട്ടിയിലും ഉൾപ്പെടെ
ഉമ്മൻചാണ്ടിയുടെ പ്രവർത്തന ശൈലി നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞ വ്യക്തി എന്ന നിലയിലും അദ്ദേഹത്തിൻ്റെ വിയോഗം വലിയ വേദനയാണ് തനിക്ക് ഉണ്ടാക്കുന്നത്. എല്ലാ പ്രതിസന്ധിഘട്ടത്തിലും പാർട്ടിക്കായി അടിയുറച്ചു നിന്ന നേതാവാണ് ഉമ്മൻ ചാണ്ടി.

പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് തനിക്കും ഉമ്മന്‍ചാണ്ടിക്കും ഇടയിലുണ്ടായിരുന്നത്. താനുള്‍പ്പെടെയുള്ള തലമുറയക്കും അതിന് ശേഷമുള്ളവര്‍ക്കും മാര്‍ഗദീപവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *