ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു; ആരോപണ വിധേയയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിട്ടത് പിണറായി വിജയന്‍; കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും; പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയാര്‍.

തിരുവനന്തപുരം : രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിധേയനായ ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ജനസമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങളെ ഹൃദയത്തിലേറ്റി മുന്നോട്ട് പോകുന്ന ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി ഗൂഡാലോചന നടത്തി രൂപപ്പെടുത്തിയെടുത്ത ആരോപണങ്ങളാണ് അന്ന് ഉന്നയിച്ചത്. അക്കാര്യം കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. സോളാര്‍ കേസില്‍ മൂന്നോ

നാലോ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ല. സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും അദ്ദേഹം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞു. എന്നിട്ടും

മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ ആരോപണ വിധേയയായ സ്ത്രീയെ വിളിച്ച് വരുത്ത് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടു. സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ അലഞ്ഞ് നടന്ന് ഉമ്മന്‍ ചാണ്ടി നശിക്കട്ടെയെന്നും മാനംകെടട്ടേയെന്നുമാണ് അന്വേഷണത്തിന് ഉത്തരവിട്ടവര്‍ കരുതിയത്. വന്ദ്യവയോധികനും ഏഴ് കൊല്ലം മുഖ്യമന്ത്രിയുമായിരുന്ന ആള്‍ക്കെതിരെ ഗൂഡാലോചന നടത്തി ഉന്നയിച്ച ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ട് എന്തായി?

ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. സത്യം പുറത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ ആസൂത്രിതമായാണ് ആക്ഷേപം പറഞ്ഞതെന്നും വ്യക്തമായി. ജീവിതത്തിന്റെ സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനാണ് ശ്രമിച്ചത്. ഈ ആക്ഷേപം എത്ര കുളിച്ചാലും അവരുടെ ദേഹത്ത് നിന്നും പോകില്ല. ഇപ്പോഴിത് ഞങ്ങളെക്കൊണ്ട് സി.പി.എം പറയിപ്പിക്കരുതായിരുന്നു. ഇപ്പോള്‍ പറയണമെന്ന് ആഗ്രഹിച്ചതുമല്ല. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ മസില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യം പറയേണ്ടതുമല്ല. പക്ഷെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ഈ കഥകളൊക്കെ ഒന്നുകൂടി പിണറായിക്കെതിരെ പറയാന്‍ വേണ്ടിയാണ്. എങ്കിലും എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുമ്പോള്‍ അതിന് മറുപടി പറയാതിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ പറയുന്നത്.

കാലം നിങ്ങളോട് കണക്ക് ചോദിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. പിണറായിയുടെ മുഖത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് തന്നെയാണ് അത് പറഞ്ഞത്. പിണറായി വിജയനെ ആരാണ് വേട്ടയാടിയത്? അദ്ദേഹത്തിനെതിരായ കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ നില്‍ക്കുകയാണ്. ബി.ജെ.പി സ്വാധീനിച്ചാണ് 35 തവണ ആ കേസ് മാറ്റിവയ്പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ലേ നൂറ് ദിവസം ജയിലില്‍ കിടന്നത്? ലൈഫ് മിഷന്‍ കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലില്‍ പോയില്ലേ? മുഖ്യമന്ത്രിയല്ലേ ലൈഫ് മിഷന്‍ ചെയര്‍മാന്‍? എ.ഐ ക്യാമറ, കെ ഫോണ്‍ അഴിമതികളിലും മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയെ കുറിച്ച് പറഞ്ഞപ്പോള്‍, എല്ലാ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തതെന്നാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. എല്ലാ കേസിലും പിണറായി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. എല്ലാം പുറത്ത് വരും. ഇപ്പോള്‍ ജയരാജന് സന്തോഷമായിക്കാണും. ഞങ്ങളെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കാനാണ് പിണറായിയെ വേട്ടയാടിയെന്ന് ജയരാജന്‍ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ രണ്ട് കുട്ടികള്‍ വിലാപയാത്രയില്‍ മുഴക്കിയ മുദ്രാവാക്യം വിളിച്ചതില്‍ അനാദരവിന്റെ ഒരു പ്രശ്‌നവുമില്ല. ആര്‍ക്കും എതിരായല്ല, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചത്. അനുസ്മരണ സമ്മേളനം ആയതിനാല്‍ മുദ്രാവാക്യം വിളി നിര്‍ത്താന്‍ കെ.പി.സി.സി അധ്യക്ഷനും ഞാനും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും അവര്‍ അത് അവസാനിപ്പിക്കുകയും ചെയ്തു. അത് എന്തിനാണ് വിവാദമാക്കുന്നത്? അവിടെ ആരും രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ല.

പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരം നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും തയാറാണ്. ആരുടെയും ഒരു ഔദാര്യവും വേണ്ടി. 53 കൊല്ലം ഉമ്മന്‍ ചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മാനം കാക്കാന്‍ ഞങ്ങള്‍ മത്സരിക്കും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.

Author

Leave a Reply

Your email address will not be published. Required fields are marked *