പൊതു, സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന വനിതകൾക്ക് വേണ്ടിയുള്ള സഖി വൺ സ്റ്റോപ്പ് കേന്ദ്രം കോട്ടയം ജില്ലയിൽ സജ്ജമായി. ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് കെട്ടിടത്തിനു സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് പ്രൊഫ. എൻ. ജയരാജ് നിർവഹിക്കും.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടമാണ് കോട്ടയം ജില്ലയിലെ സഖി കേന്ദ്രത്തിനായി വിട്ടു നൽകിയിരിക്കുന്നത്.സഖി കേന്ദ്രത്തിന് സുരക്ഷ സംവിധാനങ്ങളും ഓഫീസ് സൗകര്യങ്ങളും ഒരുക്കുന്നതിനായി അഞ്ചു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ വനിതാ – ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാകളക്ടർ അധ്യക്ഷനായ സമിതിയാണ് സഖി വൺ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നൽകുന്നത്. വനിതാ ഓഫീസർക്കാണ് കേന്ദ്രത്തിന്റെ ചുമതല. കൗൺസിലർ, ഡോക്ടർ, പോലീസ്, അഭിഭാഷകർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരുടെ സേവനവും ലഭിക്കും. പോലീസ്, കോടതി നടപടികൾക്കായി ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് സൗകര്യവും സെന്ററിൽ ഏർപ്പെടുത്തും. അതിക്രമങ്ങൾ നേരിട്ടവർക്ക് അഞ്ചു ദിവസം വരെ സഖി കേന്ദ്രത്തിൽ താമസിക്കാം. സഖി- വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനം 24 മണിക്കൂറും സജ്ജമാണ്.സ്ത്രീകൾക്ക് സ്വയമോ, പോലീസ് ഹെൽപ്പ് ലൈൻ, പൊതുജനം, സന്നദ്ധ സംഘടനകൾ എന്നിവർ വഴിയോ കേന്ദ്രത്തിൽ സഹായം തേടാം. സഖി കേന്ദ്രത്തിൽ പരാതി രജിസ്റ്റർ ചെയുന്നതിനൊപ്പം ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ എസ്. എം. എസ്. സന്ദേശവും ലഭിക്കും. സഹായം തേടുന്ന സ്ത്രീക്കൊപ്പം ഏതു പ്രായത്തിലുള്ള മകൾക്കും 13 വയസ്സ് വരെയുള്ള മകനും നിൽക്കാം.