മണിപ്പൂർ അക്രമങ്ങൾക്കിരയാവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യുണൈറ്റഡ് നേഷൻസിനു മുന്നിൽ നടത്തുന്ന പ്രാർത്ഥനാ സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ എത്തി. ആഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ രണ്ടു വരെയാണ് സംഭവം പ്ലാൻ ചെയ്തിട്ടുള്ളത്. മണിപ്പൂരിലെ അവസ്ഥയിൽ ആശങ്കാകുലരായ ഒരു കൂട്ടം ഇന്ത്യൻ അമേരിക്കൻ വ്യക്തികളാണ് പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകുന്നത്.
മാൻഹാട്ടനിൽ സമ്മേളന സ്ഥലത്തേക്കുള്ള യാത്രാ സൗകര്യത്തിനു ലോങ്ങ് ഐലന്റിൽ നിന്നും ക്വീൻസിൽ നിന്നും ബസുകൾ ഒരുക്കിയിട്ടുണ്ടെന്ന് നേതൃസമിതിയിലെ ഡോ. അന്നാ ജോർജ് അറിയിച്ചു. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ അഡ്രസ് അനുസരിച്ചു ബസുകൾ സൗകര്യമായ വിധത്തിൽ സ്റ്റോപ്പ് ചെയ്യും.
മാധ്യമങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംവാദവും വൈരവും നിറഞ്ഞുനിൽക്കുമ്പോൾ കലാപ പ്രദേശത്തു ജനങ്ങളുടെ തുടർന്നുവരുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും അക്രമങ്ങളും മറയ്ക്കപ്പെടുകയാണ്. പരസ്പരം ചെളി വാരിയെറിയലും ഉത്തരവാദിത്വം മറ്റുള്ളവരുടെ ചുമലിൽ ഏൽപ്പിക്കാനുള്ള ശ്രമവും ചേർന്ന് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. മണിപ്പൂർ കലാപം രാഷ്ട്രീയ വിജയത്തിന് ഉപാധിയാക്കി മാറ്റാൻ ശ്രമിക്കുമ്പോളും കൊലയും കൊള്ളി വയ്പ്പും സ്ത്രീകളോടുള്ള അക്രമവും തുടർന്നുകൊണ്ടിരിക്കുന്നത് ലോകം അറിയുന്നില്ല. സംസ്ഥാന ഭരണകൂടം നിഷ്ക്രിയവും നിശ്ചലവുമായിരിക്കെ കേന്ദ്ര ഭരണകൂടം പ്രതിപക്ഷവുമായുള്ള രാഷ്ട്രീയ മല്ലിടലിലാണ്. മെയ്തെ – കുക്കികളിലെ സമാധാനകാംക്ഷികൾ ഭരണകൂടങ്ങളുടെ ആല്മാർത്ഥമായ നേതൃത്വത്തിനായി കാത്തിരിക്കുന്നു.
Report : Paul