മദ്യനയം പിന്‍വലിക്കണം : എം.എം ഹസ്സന്‍

Spread the love

സാധാരണക്കാരെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

സമൂഹ്യവിപത്തായി മാറുന്ന ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. സിപിഎമ്മിന് കോടികളുടെ കേഴയിടപാടിന് വഴിവെക്കുന്നതാണ് പുതിയ മദ്യനയം.മദ്യവര്‍ജ്ജനം വേണമെന്ന് പറയുന്നവര്‍ 250 ചില്ലറ മദ്യവില്‍പ്പനശാലകള്‍കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആയി ഉയര്‍ത്തി മദ്യവ്യാപനത്തിന് കളമൊരുക്കുകയാണ്. കൂടാതെ റെസ്റ്റോറന്റുകളിലും ഐടി പാര്‍ക്കുകളിലും ബിയര്‍,വൈന്‍പാര്‍ലറുകള്‍ക്ക് അനുമതി നല്‍കി കേരളത്തെ ലഹരിയുടെ ഹബ്ബാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഡോ.വന്ദനയേയും ആലുവയിലെ അഞ്ചുവയുസ്സുകാരിയേയും ലഹരിക്കടിമപ്പെട്ട നരാധന്‍മാര്‍ കൊന്നുതള്ളിയതാണെന്ന യാഥാര്‍ത്ഥ്യം ഭരണാധികാരികള്‍ മറക്കരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഓരോ അക്രമത്തിന്റെയും പിന്നാമ്പുറം അന്വേഷിച്ചാല്‍ അവിടെയെല്ലാം ലഹരിയുടെ സാന്നിധ്യം വ്യക്തമാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

ലഹരി മരുന്നുകളുടെ ഉപഭോഗം കേരളത്തില്‍ ഗുരുതരമായി വര്‍ധിച്ചിരിക്കുകയാണ്. മയക്ക് മരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിട്ടും അതേക്കുറിച്ച് ഒരു പരാമര്‍ശവും മദ്യ നയത്തിലില്ലെന്നത് നിര്‍ഭാഗ്യകരമാണ്.മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിന് പകരം അതിന്റെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തില്‍ ഇരുന്ന ഏഴ് വര്‍ഷവും മദ്യ വ്യാപനത്തിന് വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചത്.സാമ്പത്തിക ലാഭത്തിനായി പൊതുജനത്തിന്റെ ആരോഗ്യവും പുതുതലമുറയുടെ ഭാവിയും സര്‍ക്കാര്‍ തകര്‍ത്തെറിയുകയാണ്.മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും മാറ്റിവെയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ ധൂര്‍ത്തിന് മറ്റുമായി ഉപയോഗിക്കുകയാണ്. വീര്യംകുറഞ്ഞതും കേരളത്തിന്റെ പരമ്പരാഗത പാനീയവുമായ കള്ളിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വീര്യംകൂടിയ വിദേശമദ്യം വിളമ്പാനാണ് സര്‍ക്കാരിന് തല്‍പ്പര്യം. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലഹരിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നത് കേരളീയ സമൂഹത്തോട് കാട്ടുന്ന ദ്രോഹമാണെന്നും ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *