ഐക്യരാഷ്ട്ര സഭക്ക് മുന്നിൽ മണിപ്പൂരിന് വേണ്ടി പ്രാർത്ഥന; ക്രിസ്ത്യൻ സമൂഹത്തിന്റെ ദുഃഖവും ഐക്യദാർഢ്യവും

Spread the love

ന്യൂയോര്‍ക്ക്: മണിപ്പൂരിലെ അക്രമികള്‍ക്ക് സുബോധം ഉണ്ടാകുന്നതിനും അധികൃതര്‍ക്ക് മനംമാറ്റമുണ്ടാകുന്നതിനും പ്രാര്‍ഥനകളുമായി ക്രൈസ്തവ സമൂഹം ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത വിജില്‍ മണിപ്പൂരില്‍ വിലപിക്കുന്ന എല്ലാ മനുഷ്യരോടും പ്രത്യേകിച്ച് പീഡനം അനുഭവിക്കുന്ന ക്രൈസ്തവ ജനതയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉറ്റവര്‍ നഷ്ടപ്പെട്ടും വീടുകള്‍ നഷ്ടപ്പെട്ടും മഹാദുരന്തം നേരിടുന്ന ക്രൈസ്തവ ജനതയ്ക്കായി കണ്ണീരോടെ ഉയര്‍ന്ന പ്രാര്‍ത്ഥനകള്‍ അമേരിക്കയിലെ ഇന്ത്യന്‍ ക്രൈസ്തവര്‍ മണിപ്പൂര്‍ വിഷയത്തില്‍ അനുഭവിക്കുന്ന വ്യഥയുടെ വാങ്മയ ചിത്രമായി.

ചെറിയൊരു സംഘാടക സമിതി മുന്നിട്ടിറങ്ങിയപ്പോള്‍ എല്ലാ വിഭാഗം ക്രൈസ്തവരും ഭിന്നതകള്‍ മറന്ന് ഒന്നിക്കുന്ന കാഴ്ചയാണ് യുഎന്നിനു മുന്നില്‍ കണ്ടത്. വിജിലിന്റെ ലക്ഷ്യം ഫിയകോന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിക്ക) പ്രസിഡന്റ് കോശി ജോര്‍ജ് തുടക്കത്തിലെ വ്യക്തമാക്കി. ഇതൊരു പ്രതിഷേധ റാലി അല്ല. എന്തുകൊണ്ട് കലാപം ഉണ്ടായി എന്നോ, ആരാണ് കാരണക്കാരെന്നോ, രാഷ്ട്രീയമെന്തെന്നോ ഒന്നും ചികഞ്ഞ് നോക്കുകയല്ല നമ്മുടെ ലക്ഷ്യം. മണിപ്പൂരില്‍ നിയമസംവിധാനം പാലിക്കാന്‍ പ്രാര്‍ഥിക്കുക മാത്രമാണ് ലക്ഷ്യം. അവിടെ സഹായങ്ങളെത്തിക്കാന്‍ നമുക്ക് പരിമിതികളുണ്ട്. പ്രാർത്ഥനക്ക് അതില്ല. രാഷ്ട്രീയമായി ആരെയെങ്കിലും അപലപിക്കുകയോ എതിര്‍ക്കുകയോ നമ്മുടെ ലക്ഷ്യവുമല്ല- അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് പീഡിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി. പങ്കെടുത്ത ഏക നിയമസഭാംഗവും

അദ്ദേഹമായിരുന്നു. നീതിയും സമാധാനവും പുലരണമെന്നും എല്ലാ മനുഷ്യരുടേയും ജീവന്‍ ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ സിക്ക് എന്നോ ജയിന്‍ എന്നോ വ്യത്യാസമില്ല. മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

മണിപ്പൂരില്‍ നിന്നു തന്നെയുള്ള മാര്‍ക്ക് മാംഗ് തന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടത് വിവരിച്ചു. ഗ്രാമം സംരക്ഷിക്കുകയായിരുന്ന തന്റെ കസിന്‍സിനെ സുരക്ഷാസേന വെടിവച്ചു കൊല്ലുകയായിരുന്നു. സെക്കുലര്‍ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ഭരണഘടനാനുസൃതം സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് നാം ആവശ്യപ്പെടുന്നത്.

ഫൊക്കാന നേതാവ് ലീല മാരേട്ട് ഇത്തരമൊരു പ്രാര്‍ത്ഥനാ സമ്മേളനം നടത്തുന്നതില്‍ മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ചു. മണിപ്പൂരിലെ ദുഖം നമ്മുടേയും ദുഖമാണ്. അവിടെ നീതിയും സമാധാനവും പുലരണം. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇവാഞ്ചലിൻ ജേക്കബ് അമേരിക്കന്‍ ദേശീയ ഗാനവും ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി, പാസ്റ്റര്‍ ബാബു തോമസ്, ഡോ. സാം സാമുവേല്‍, പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, റവ.ഡോ. ദിന്‍കര്‍ ടെയ്‌ലര്‍, പാസ്റ്റര്‍ സാബു വര്‍ഗീസ്, പാസ്റ്റര്‍ വില്‍സണ്‍ ജോസ്, റവ. ജെസ്സ് എം. ജോര്‍ജ്, റവ.ഡോ. ഹേമലത പര്‍മാര്‍, പാസ്റ്റര്‍ പെഴ്‌സി മക്‌വാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാത്യു ജോർജ് നന്ദി പറഞ്ഞു.

Picture

വിവിധ സ്ഥലങ്ങളില്‍ നിന്നു പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മണിപ്പൂരിൽ മനുഷ്യാവകാശം സംരക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭ അധികൃതർക്ക് നിവേദനവും നൽകി. സംസ്ഥാന ഭരണകൂടവും പോലീസും നിസംഗത പാലിക്കുകയോ അക്രമികളെ സഹായിക്കുകയോ ചെയ്യുകയാണ്. കേന്ദ്ര സർക്കാരാകട്ടെ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ മനുഷ്യാവകാശങ്ങളും ജീവനും സ്വത്തും സംരക്ഷിക്കാൻ ഇടപെടാനുള്ള കടമ ഐക്യരാഷട്ര സഭക്കുണ്ടെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഹ്യൂസ്റ്റനിൽ നടന്നപോലെ എതിർ പ്രകടനം ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പോലീസും ജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു. സംഘാടക സമിതിയിൽ ജോര്‍ജ് ഏബ്രഹാം, രാജു എബ്രഹാം, മാത്യു ജോർജ്, ജിമ്മി ക്രിസ്ത്യൻ, മേരി ഫിലിപ്പ്, പോൾ പനക്കൽ, ലീല മാരേട്ട്, പാസ്റ്റർ ജതിന്ദർ ഗിൽ, തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *